പത്തനംതിട്ട: സന്നിധാനത്ത് കഴിഞ്ഞ ദിവസം നാമജപം നടത്തിയ 100 പേർക്കെതിരെ നിരോധനാജ്ഞ ലംഘിച്ചുവെന്ന് ആരോപിച്ച് സന്നിധാനം പൊലീസ് കേസെടുത്തു. നിരോധനാജ്ഞ നാല് ദിവസത്തേക്ക് നീട്ടിയെങ്കിലും ഒറ്റയ‌്ക്കോ കൂട്ടായോ നാമജപം നടത്തുന്നതിന് തടസമില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയാണ് കേസ്. സി.സി.ടി.വി അടക്കമുള്ളവ പരിശോധിച്ച് ഇവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ശരണം വിളിക്കുന്നവർക്കെതിരെ കേസെടുക്കരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയും നിർദ്ദേശിച്ചിരുന്നു.
വ്യാഴാഴ്‌ച രാത്രി സന്നിധാനത്തെ വടക്കേനടയിൽ നാമജപവുമായി ഒരു സംഘമാളുകൾ ഒത്തുകൂടിയിരുന്നു. തുടർന്ന് പൊലീസ് ഇവരെ തടഞ്ഞെങ്കിലും 15 മിനിട്ടോളം നാമജപം തുടർന്നു. ഈ സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. അതിനിടെ പമ്പയിലേക്കുള്ള യാത്രാ നിയന്ത്രണം നീക്കിയതോടെ ശബരിമലയിലേക്കുള്ള തീർത്ഥാടകർക്കും ഉണർവായി. പ്രതീക്ഷിക്കുന്ന സമയത്ത് ദർശനം നടത്താനാകുന്നതിനാൽ വരും ദിവസങ്ങളിൽ തീർത്ഥാടകർ വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. രാത്രി എട്ട് കഴിഞ്ഞ് തീർത്ഥാടകർക്ക് ശബരിമലയിലേക്കുണ്ടായിരുന്ന വിലക്കും കെ.എസ്.ആർ.ടി.സി ബസുകൾ രാത്രി എട്ടോടെ നിലയ്‌ക്കലിൽ സർവീസ് അവസാനിപ്പിച്ചതുമെല്ലാം പ്രതിസന്ധിയുണ്ടാക്കിയിരുന്നു.
നിലയ്‌ക്കലിലെയും പമ്പയിലെയും നിയന്ത്രണം തീർത്ഥാടകരെ ബുദ്ധിമുട്ടിച്ചിരുന്നു. കെ.എസ്.ആർ.ടി.സിയിൽ ഒാൺലൈൻ ടിക്കറ്റെടുത്തവർക്കും ട്രെയിൻ റിസർവേഷൻ ചെയ്‌തെത്തിയവർക്കും ഇത് ഇരുട്ടടിയുമായി. നിയന്ത്രണങ്ങൾ നീക്കിയതോടെ ക്യൂ നിൽക്കാതെ പതിനെട്ടുപടിയും തൊട്ടുതൊഴുത് കയറാനും ദർശനം നടത്താനുമാകും. രണ്ടും മൂന്നും തവണ ദർശനം നടത്തുന്നവരുമുണ്ട്.