mutton

ചെന്നൈ : കഴിഞ്ഞ ശനിയാഴ്ച ചെന്നൈ എഗ്മോർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും പൊലീസ് പിടികൂടിയത് പട്ടി ഇറച്ചിയല്ലെന്ന് ലാബ് റിസൾട്ട്. പിടികൂടിയ 2190 കിലോ ഇറച്ചി ആട്ടിറച്ചിയാണെന്ന് സാമ്പിൾ പരിശോധനയിൽ നിന്നും വ്യക്തമായത്. തെർമോകോൾ പെട്ടികളിലായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇറച്ചി കണ്ടെത്തിയിരുന്നത്. തുടർന്ന് പൊലീസും, ആരോഗ്യ സുരക്ഷ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയും പിടികൂടിയത് പട്ടി ഇറച്ചിയാണെന്ന വാർത്ത പുറത്ത് വരുകയും ചെയ്തിരുന്നു. കൂടാതെ ചെന്നൈയിലെ റോഡരുകിൽ പ്രവർത്തിക്കുന്ന തട്ടുകടയിലും, ഹോട്ടലിലും മട്ടൻ ബിരിയാണിക്കായി പട്ടി ഇറച്ചി ഉപയോഗിക്കുന്നുവെന്ന വാർത്തയും പുറത്ത് വന്നിരുന്നു. ഇതിനെ തുടർന്ന് ചെന്നൈയിൽ മാംസവിഭവങ്ങൾ ഭക്ഷണ പ്രിയർ ഉപേക്ഷിച്ചതോടെ ഹോട്ടലുകളും പ്രതിസന്ധിയിലായിരുന്നു.

പൊതുജനങ്ങളുടെ സംശയം ദൂരീകരിക്കുന്നതിനായാണ് പരിശോധന ഫലം പുറത്ത് വിടുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേ സമയം പട്ടിയിറച്ചിയല്ലെന്ന ക്ലീൻ ചിറ്റ് നൽകുമ്പോഴും ഇത്തരം ഇറച്ചി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. പിടിച്ചെടുത്ത ഇറച്ചി അഴുകിയ നിലയിലായിരുന്നു.ശീതികരണ സംവിധാനങ്ങളില്ലാതെയാണ് ഇറച്ചി പെട്ടിയിലാക്കി രാജസ്ഥാനിൽ നിന്നും ട്രയിനിൽ കൊണ്ട് വന്നത്. കൂടാതെ മത്സ്യം കൊണ്ടുവരാനുള്ള അനുമതിയാണ് റെയിൽവേ നൽകിയിരുന്നത്. പാർസലിന്റെ പുറത്ത് ലഗേജ് അയച്ച സ്ഥാപനത്തിന്റെ വിവരങ്ങളും, മറ്റ് രേഖകളും ഉൾപ്പെടുത്തിയിരുന്നില്ല.