ജീവിതത്തിൽ ഓരോരുത്തർക്കും ഓരോരോ ലക്ഷ്യങ്ങളുണ്ടാവും. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഈ ലക്ഷ്യങ്ങൾ മാറിമാറി വരികയും ചെയ്യും. എന്നു പറഞ്ഞാൽ വിദ്യാഭ്യാസകാലത്തുള്ള ലക്ഷ്യവും തൊഴിൽരംഗത്തുള്ള ലക്ഷ്യവും വിവാഹത്തിനു മുൻപും പിൻപുമുള്ള ലക്ഷ്യവും മദ്ധ്യകാല- വാർദ്ധക്യകാലങ്ങളിലുള്ള ലക്ഷ്യവുമൊക്കെത്തന്നെ ഒന്നിനൊന്നു വിഭിന്നമായിരിക്കുമെന്നർത്ഥം. ഇവയിൽ ഓരോ ലക്ഷ്യവും പ്രാപിച്ചു കഴിയുന്നയാളിനു വീണ്ടും വീണ്ടും ഓരോരോ ലക്ഷ്യങ്ങൾ വന്നുകൊണ്ടേയിരിക്കും. ചുരുക്കിപ്പറഞ്ഞാൽ ജീവിതത്തെ നയിക്കുന്നതും നിരാശപ്പെടുത്തുന്നതും സന്തോഷപ്രദമാക്കുന്നതും ദുഃഖമയമാക്കുന്നതുമെല്ലാം ഇങ്ങനെ വന്നുകൂടുന്ന ലക്ഷ്യങ്ങളുടെ പ്രാപിക്കലും അപ്രാപിക്കലുമായി ബന്ധപ്പെട്ടിരിക്കുന്നു, എന്നാൽ ലക്ഷ്യങ്ങളെ പ്രാപിക്കുന്നവൻ മതിമറന്നാഹ്ലാദിക്കുന്നതും ലക്ഷ്യങ്ങളെ പ്രാപിക്കാത്തവൻ സർവവും നഷ്ടപ്പെട്ടവനെപ്പോലെ ദുഃഖിച്ചിരിക്കുന്നതും ഭൂഷണമല്ല. കാരണം ഇതു രണ്ടും മനസിന്റെ സ്വാഭാവികനിലയെ പ്രതികൂലമായി ബാധിക്കുമെന്നതാണ്. മനസിന്റെ സ്വാഭാവികനിലയെ തകിടം മറിക്കാൻ ഇടവരാത്തവിധം നിലകൊള്ളുന്നവനാണ് ജീവിതത്തെ ആരോഗ്യകരമായി അഭിമുഖീകരിക്കാനാവുന്നത്.
ലക്ഷ്യങ്ങൾ വരികയും പോവുകയും ചെയ്യും. അതിൽ ചിലതെല്ലാം പ്രാപ്യമാവുകയും അപ്രാപ്യമാവുകയും ചെയ്യും. പക്ഷേ മനസിന്റെ സ്വാഭാവികനില ഒരിക്കൽ നഷ്ടപ്പെടാനിടയായാൽ അതു തിരികെ പിടിക്കുക എന്നത് എളുപ്പമല്ല. എന്തെന്നാൽ സ്വാഭാവികനില നഷ്ടപ്പെട്ടുപോയ മനസിനെ അതിന്റെ പൂർവനിലയിലേക്ക് എത്തിക്കണമെങ്കിൽ അതേ മനസുകൊണ്ടുതന്നെയാണ് അത് സാദ്ധ്യമാക്കേണ്ടതെന്നതാണ്.
വേണ്ടത്ര വെളിച്ചമില്ലാത്തിടത്ത് കിടക്കുന്ന ഒരു കയറിനെ കണ്ടിട്ട് അതു പാമ്പാണെന്നു ധരിച്ച് പരിഭ്രമിക്കുന്നവന്റെ ഭ്രമം നീങ്ങണമെങ്കിൽ അവിടെ കണ്ടത് കയർ തന്നെയാണെന്നു അവനു ബോദ്ധ്യം വരണം. അതല്ലാതെ ആ കയറിൽ കണ്ട പാമ്പ് ഇഴഞ്ഞു പോകണമെന്നു വിചാരിക്കാനാകുമോ? ഇല്ലാത്ത പാമ്പ് ഇഴഞ്ഞു പോകുന്നതെങ്ങനെ? അപ്പോൾ അവിടെ പാമ്പ് ഇല്ലെന്ന ബോദ്ധ്യം ഉറയ്ക്കണമെങ്കിൽ അവിടെ കണ്ട കയറിനെത്തന്നെ ആശ്രയിക്കണം. അതുപോലെയാണ് സ്വാഭാവികനില കൈവിട്ടുപോയ മനസിനെ പൂർവനിലയിലെത്തിക്കാൻ അതേ മനസ് തന്നെ വേണമെന്നത് . ഈ മനസാണ് ഓരോരുത്തരുടെയും ജീവിതത്തെ ഒളിഞ്ഞും തെളിഞ്ഞുമിരുന്നുകൊണ്ട് ഒരു ചിത്രമെന്നോണം രചിച്ചുകൊണ്ടിരിക്കുന്നത്.
ഒരു ചിത്രം ഉണ്ടാകുന്നതിനു പ്രധാനമായും മൂന്ന് ഘടകങ്ങൾ ഒരുമിച്ചു സമ്മേളിക്കേണ്ടതുണ്ട്. ചിത്രം ആലേഖനം ചെയ്യപ്പെടുന്നതിനുള്ള അനുയോജ്യമായ ഒരു പ്രതലം, ചിത്രത്തെ ആ പ്രതലത്തിൽ ആലേഖനം ചെയ്യുന്നതിനുള്ള പ്രതിഭ കൈമുതലായിട്ടുള്ള ഒരു ചിത്രകാരൻ , ചിത്രകാരന്റെ ഭാവനയിലിരിക്കുന്ന ചിത്രത്തെ പ്രതലത്തിൽ രേഖപ്പെടുത്തുന്നതിനു ആവശ്യമായ ചായം. ഇവ മൂന്നിന്റെയും വേണ്ടുംവണ്ണമുള്ള പാരസ്പര്യത്തിൽ നിന്നും പിറവികൊള്ളുന്ന ഒരു ചിത്രം പോലെയാണു മനസ് ഒരാളുടെ ജീവിതത്തെ രചിക്കുന്നത്. ഇവിടെ മനസിനു ചിത്രകാരന്റെ സ്ഥാനമാണുള്ളത്. പ്രതലമായിരിക്കുന്നതു ശരീരവും ചായമായിരിക്കുന്നത് അളവില്ലാതെ പെരുകിക്കവിയുന്ന വിഷയങ്ങളുമാണ്. ചായങ്ങളെ അളവില്ലാതെയും ക്രമമില്ലാതെയും വാരിവലിച്ച് പ്രതലത്തിൽ തേച്ചാൽ നല്ലൊരു ചിത്രമുണ്ടാവുകയില്ല എന്നതു പോലെ വിഷയങ്ങളെ അടുക്കും മുറയുമില്ലാതെ വാരിവലിച്ച് ഉപയോഗിച്ചാൽ ഒരു നല്ല ജീവിതമുണ്ടാവുകയുമില്ല. അപ്പോൾ ഏതിനും അതിന്റേതായ ഒരു മാനത്രയം (Three Dimensions) ആവശ്യമാണ്.
നീളം പൊക്കം വണ്ണം ഇവയെയാണു മാനത്രയമെന്നു പൊതുവിൽ പറഞ്ഞുപോരുന്നത്. ഒരു വസ്തുവിന്റെയോ ജീവിയുടെയോ സ്വാഭാവികമായ ആകാരത്തെ നിർണയിക്കുന്നത് ഈ മാനത്രയമാണ്. ഇവ മൂന്നും പരസ്പര പൂരകമല്ലെങ്കിൽ ഒരു ചരാചരവസ്തുവിനും സ്വാഭാവികമായ ഒരു ആകാര നിലയുണ്ടാവുകയില്ല. നീളമില്ലാതെ പൊക്കവും വണ്ണവും കൊണ്ടു മാത്രമോ പൊക്കമില്ലാതെ നീളവും വണ്ണവും കൊണ്ടു മാത്രമോ, വണ്ണമില്ലാതെ നീളവും പൊക്കവും കൊണ്ട് മാത്രമോ എന്തിനെങ്കിലും ഒരാകാരസൗഷ്ഠവും ഉണ്ടാകുമോ? ഇല്ല. അതുകൊണ്ട് ഇപ്രകാരമൊരു മാനത്രയം നമ്മുടെ ജീവിതത്തിനും ഉണ്ടാവണം. ശുദ്ധമായ പ്രവൃത്തി, ശുദ്ധമായ വാക്ക്, ശുദ്ധമായ വിചാരം ഇതായിരിക്കണം നമ്മുടെ ജീവിതത്തിനുണ്ടായിരിക്കേണ്ട ആ മാനത്രയം.
ഈ മാനത്രയത്തിലുറച്ച് ജീവിതത്തെ ക്രമപ്പെടുത്തുന്നവന്റെയും അഭിമുഖീകരിക്കുന്നവന്റെയും മനസ് ഒരിക്കലും കെട്ടുപോവുകയില്ല. അവൻ എപ്പോഴും ലക്ഷ്യത്തെത്തന്നെ പ്രാപിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അവൻ കയറിൽ പാമ്പിനെയോ പാമ്പിൽ കയറിനെയോ കണ്ട് ഭയക്കുകയില്ല. ആചാരത്തിൽ അനാചാരത്തെയും അനാചാരത്തിൽ ആചാരത്തെയും കണ്ട് ഭ്രമിക്കുകയില്ല. വിശ്വാസത്തിൽ അവിശ്വാസത്തെയോ അവിശ്വാസത്തിൽ വിശ്വാസത്തെയോ ആരോപിക്കുകയില്ല.
ജാതിയും മതവും ആചാരവും വിശ്വാസവുമെല്ലാം വേണ്ടതിലധികം ദുഷിച്ചുപോകുന്ന ഒരു സമൂഹത്തിലാണു നാമിന്നു ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സമൂഹത്തിനുള്ള വലിയൊരു തിരിച്ചറിവിന്റെ പാഠമാണ് ഗുരുദേവൻ ഒരു നൂറ്റാണ്ടിനു മുൻപുതന്നെ യുക്തിവാദികളിൽ യുക്തിവാദിയായിരുന്ന സഹോദരൻ അയ്യപ്പനിലൂടെ ഉപദേശിച്ചു തന്നതെന്നു കരുതണം.
മതമേതായാലും മനുഷ്യൻ നന്നാവാൻ ശ്രമിച്ചുകൊണ്ടിരിക്കണം. അല്ലെങ്കിൽ അധ:പതിക്കും. വാക്ക്, വിചാരം, പ്രവൃത്തി ഇവ ശുദ്ധമായിരിക്കണം. ഈ മൂന്നുവിധത്തിലും തെറ്റുകൾ വരരുത്. തെറ്റുകൾ വന്നതിനുശേഷം 'ഹൊ തെറ്റിപ്പോയല്ലോ' എന്നു തിരുത്താൻ സംഗതി വരാത്തവണ്ണം മനസ് ശുദ്ധമായിരിക്കണം. അതാണു ജീവന്മുക്താവസ്ഥ.
ഈ വിധം വാക്കും വിചാരവും പ്രവൃത്തിയും ശുദ്ധമാക്കി ജീവിതത്തെ അഭിമുഖീകരിക്കുക. ജീവിതം ധന്യമാകട്ടെ.