റിയാദ്: ഹവാല ഇടപാട് കേസിൽ ദമാമിൽ പിടിയിലായ ഷബീർ.ടി.പി സൗദി ഭരണകൂടത്തിൽ അടക്കം സ്വാധീനമുള്ള സൗദി രാജകുമാരൻ ഉൾപ്പെട്ട മാഫിയാ സംഘത്തിലെ കണ്ണിയാണെന്ന് സൂചന. സൗദി കിരീടാവകാശി സൽമാൻ രാജകുമാരന്റെ നിർദ്ദേശ പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ അനധികൃത പണമിടപാട് കേസിൽ നേരത്തെ സൗദി രാജകുടുംബാംഗം പിടിയിലായിരുന്നു. പിന്നീട് സൗദി രഹസ്യാന്വേഷണ വിഭാഗം നടത്തിയ തുടരന്വേഷണത്തിലാണ് ഇടപാടിലെ മലയാളി ബന്ധം വെളിപ്പെടുന്നത്. തുടർന്ന് കണക്കിൽ പെടാതെ സൂക്ഷിച്ചിരുന്ന പണവുമായി 20 അംഗ സംഘം പൊലീസ് പിടിയിലാവുകയായിരുന്നു.
ഇടത് എം.എൽ.എ പി.ടി.എ റഹീമിന്റെ മകൻ ഷബീർ.ടി.പി മരുമകൻ ഷബീർ വായോളി എന്നിവരെ സൗദി പൊലീസ് അറസ്‌റ്റ് ചെയ്‌തുവെന്ന വിവരം ഇന്നാണ് പുറത്തായത്. ഇക്കാര്യത്തെക്കുറിച്ച് തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് എം.എൽ.എയുടെ പ്രതികരണം. ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഹവാല ഇടപാടുകൾ അന്വേഷിക്കുന്ന പൊലീസ് സംഘമാണ് ഇവരെ അറസ്‌റ്റ് ചെയ്‌തതെന്നാണ് വിവരം. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്ന സംഘം കൊടുവള്ളി കേന്ദ്രീകരിച്ച് ഹവാല ഇടപാടുകൾ നടത്തുന്നുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ എം.എൽ.എയ്‌ക്കും പങ്കുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം.
അതേസമയം, നിയമസഭാ സമ്മേളനങ്ങൾ ഉടൻ ആരംഭിക്കാനിരിക്കെ ഭരണപക്ഷത്തുള്ള ഒരു എം.എൽ.എയ്‌ക്കെതിരെ ആരോപണം ഉയർന്നത് രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എം.എൽ.എയെ സംരക്ഷിക്കുന്നത് സി.പി.എം നേതൃത്വമാണെന്നും വിവിധ സി.പി.എം നേതാക്കൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നും ഇതിനോടകം തന്നെ മുസ്‌ലിം ലീഗ്, കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.