കൊച്ചി: ശബരിമലയിൽ പൊലീസ് യാതൊരു പ്രശ്‌നവും സൃഷ്‌ടിച്ചിട്ടില്ലെന്ന് ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്‌മൂലം സമർപ്പിച്ചു. യഥാർത്ഥ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ നിയന്ത്രണങ്ങളൊന്നും ശബരിമലയിൽ ഏർപ്പെടുത്തിയിട്ടില്ല. നടപന്തലിൽ വെള്ളമൊഴിച്ച് കഴുകുന്ന പതിവ് നേരത്തെയുണ്ട്. നടപ്പന്തൽ പ്രതിഷേധക്കാരുടെ താവളമാക്കാൻ പറ്റില്ല. അറസ്‌റ്റ് ചെയ്‌തത് ക്രിമിനലുകളെയാണെന്നും സർക്കാർ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ വിശദമാക്കുന്നു.
ചിത്തിര ആട്ടവിശേഷത്തിന് പ്രശ്‌നമുണ്ടാക്കിയവർ മണ്ഡലകാലത്തും ശബരിമലയിൽ എത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച മാദ്ധ്യമ റിപ്പോർട്ടുകളും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
അതേസമയം, ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്‌തു സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്നു പരിഗണിക്കും. പൊലീസ് ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ എന്തൊക്കെയെന്നും അതിനു നിർദേശം നൽകിയത് ആരെന്നും അറിയിക്കാൻ കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. യഥാർഥ ഭക്തരെ ബുദ്ധിമുട്ടിക്കുന്ന വിധത്തിലുള്ള നിയന്ത്രണങ്ങൾ പാടില്ലെന്ന് കോടതി നിർദേശം നൽകിയിരുന്നു. സുപ്രീം കോടതി വിധിയുടെ മറവിൽ പൊലീസിന്റെ അമിത ഇടപെടൽ അനുവദിക്കാനാവില്ലെന്നാണ് ബെഞ്ചിന്റെ വിലയിരുത്തൽ.