പത്തനംതിട്ട: ശബരിമലയിൽ ചിത്തിര ആട്ടവിശേഷ സമയത്ത് തൃശൂർ സ്വദേശിനി ലളിതാദേവിയെ (52) ആക്രമിച്ച കേസിൽ ഗൂഢാലോചന നടത്തിയതിന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. കേസിലെ 12ആം പ്രതിയായ സുരേന്ദ്രനെ കസ്‌റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം നാളെ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്. കൊട്ടാരക്കരയിൽ നിന്നും പൂജപ്പൂര സെൻട്രൽ ജയിലിലേക്ക് തന്നെ മാറ്റണം, തനിക്ക് ജാമ്യം അനുവദിക്കണം, കുടുംബാംഗങ്ങളുമായി സംസാരിക്കാൻ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും കോടതി നാളെ പരിഗണിക്കും. കോടതിയിൽ ഹാജരാക്കിയ സുരേന്ദ്രനെ പിന്നീട് കൊട്ടാരക്കര സബ് ജയിലിലേക്ക് തന്നെ കൊണ്ടുപോയി.
അതേസമയം, കൊടുംക്രിമിനലുകളായ പാർട്ടിക്കാർ താമസിക്കുന്ന കണ്ണൂർ സെൻട്രൽ ജയിലിലേക്ക് തന്നെ കൊണ്ടുപോകാനുള്ള സി.പി.എമ്മിന്റെ ശ്രമമാണ് കേസിന് പിന്നിലെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു. തനിക്ക് നേരെ ആരോപിച്ചിരിക്കുന്ന കള്ളക്കേസുകൾ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ നടത്തുന്ന ഗൂഢാലോചനയാണ്. ശബരിമലയിൽ നടന്ന അക്രമണങ്ങളിലൊന്നും താൻ പങ്കെടുത്തിരുന്നില്ല. ഗൂഢാലോചനയൊക്കെ നടത്തിയെന്ന് പറയുന്നത് വെറും തെറ്റാണ്. തനിക്കെതിരെയുള്ള ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ പൊതുപ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. റാന്നി ഗ്രാമന്യായാലയ കോടതിയിൽ നിന്നും പുറത്തുവന്നപ്പോൾ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.