കോട്ടയം: ശബരിമല സന്ദർശനത്തിനായി ആന്ധ്രയിൽ നിന്ന് ആറു സ്ത്രീകൾ രണ്ടു സംഘങ്ങളായി കോട്ടയത്ത് എത്തി. പ്രതിഷേധം ഒഴിവാക്കാനായി പൊലീസ് ഇവരെ പിൻതിരിപ്പിച്ചു. ഒരു സംഘത്തിലെ സ്ത്രീകൾ എരുമേലിയിലും, അടുത്ത സംഘത്തിലെ സ്ത്രീകൾ ചെങ്ങന്നൂരിലും യാത്ര അവസാനിപ്പിക്കാൻ ധാരണയായി. ഒപ്പമുള്ള പുരുഷന്മാർ മല ചവിട്ടും.
ആന്ധ്രയിൽ നിന്നുള്ള സംഘങ്ങൾ ഇന്ന് പുലർച്ചെയാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ആദ്യം എത്തിയ 26 അംഗ സംഘത്തിൽ നാലു സ്ത്രീകളാണ് ഉണ്ടായിരുന്നത്. ഭാര്യയും അമ്മയും കുട്ടിയും ഭർത്താവും അടങ്ങുന്നതായിരുന്നു മറ്റൊരു സംഘം.
സ്ത്രീകൾ റെയിൽവേ സ്റ്റേഷനിൽ എത്തിയതറിഞ്ഞ് ഇവിടെ തടയാനായി ഒരു സംഘം കാവലുണ്ടായിരുന്നു. എന്നാൽ, പൊലീസ് തീർത്ഥാടകരുമായി ചർച്ച നടത്തിയതോടെ ഇവർ സ്ത്രീകളെ തടഞ്ഞില്ല. പൊലീസ് നിർദേശം അനുസരിച്ചായിരുന്നു പിന്നീട് സംഘത്തിന്റെ നീക്കം. 26 അംഗ സംഘം ടാക്സി വാഹനത്തിൽ ചെങ്ങന്നൂരിലേയ്ക്ക് പുറപ്പെട്ടു. നാലംഗ കുടുംബമാകട്ടെ കെ.എസ്.ആർ.ടി.സി ബസിൽ എരുമേലിയിലേയ്ക്കും പോയി.
കഴിഞ്ഞ ദിവസം സമാന രീതിയിൽ റെയിൽവേ സ്റ്റേഷനിൽ നിന്നു പോയ് സ്ത്രീകളെ എരുമേലിയിൽ സംഘപരിവാർ പ്രവർത്തകർ തടഞ്ഞിരുന്നു. എന്നാൽ, ഇത്തരത്തിൽ ഇനി അക്രമ സംഭവങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് പൊലീസ് സംഘം ഇപ്പോൾ കൃത്യമായ ഇടപെടൽ നടത്തിയിരിക്കുന്നത്.