breast-feeding

കടിഞ്ഞൂൽ പ്രസവം കഴിഞ്ഞ അമ്മമാർക്ക് മുലയൂട്ടുമ്പോൾ സംശയങ്ങളേറെയാണ്. അമ്മ എഴുന്നേറ്റിരുന്ന് കുഞ്ഞിനെ രണ്ടു കൈകൊണ്ടും ചുറ്റിപ്പൊതിഞ്ഞ് മുലക്കണ്ണിന് നേരെ കുഞ്ഞിന്റെ വായ് വരത്തക്ക ഉയരത്തിൽ വിലങ്ങനെ മാറോടണച്ചു പിടിക്കണം. കുഞ്ഞിന്റെ തലയുടെ പിൻഭാഗം അമ്മയുടെ മടക്കിയ കൈത്തണ്ടയിൽ താങ്ങിയിരിക്കണം. കുഞ്ഞിനെ അമ്മ മാറോടണച്ചു പിടിച്ച് പാലൂട്ടണമെന്ന് പറഞ്ഞല്ലോ. ആദ്യത്തെ ഏതാനും മിനിട്ടുനേരം കുഞ്ഞ് ശക്തിയായി പാൽ വലിച്ചു കുടിക്കും. ഇതോടെ മാറിലേക്ക് കൂടുതൽ പാൽ ഊറിയിറങ്ങും. തുടർന്ന് കുഞ്ഞ് സാവകാശമായി വലിച്ചുകുടിക്കും. ഒരു മുലയിലെ പാൽ കുടിച്ചുതീരുമ്പോൾ മാത്രമേ അടുത്ത മുലയിൽ നിന്ന് കുടിപ്പിക്കാവൂ. മുലക്കണ്ണുകൾ മുലയൂട്ടുന്നതിന് മുമ്പും പിമ്പും കഴുകി വൃത്തിയാക്കണം.

ചില അമ്മാരുടെ മുലക്കണ്ണുകൾ ഉൾവലിഞ്ഞിരിക്കും. ഇതുമൂലം കുഞ്ഞിന് പാൽ വലിച്ചുകുടിക്കാൻ കഴിയാതെ വരും. ഇക്കൂട്ടർ മുലക്കണ്ണ് ശക്തിയായി പുറത്തേക്ക് വലിച്ചുനീട്ടിയിട്ട് വേണം കുഞ്ഞിന് പാൽ കൊടുക്കാൻ. മുലക്കണ്ണ് വെടിക്കൽ ഉണ്ടെങ്കിൽ മുലയൂട്ടുമ്പോൾ അമ്മയ്ക്ക് അസഹ്യമായ വേദനയുണ്ടാകാം. ഈ സമയത്ത് കുഞ്ഞ് മുലഞെട്ടിൽ കടിക്കാതെ അതിനു ചുറ്റുമുള്ള ഇരുണ്ട തൊലി ഭാഗത്ത് നുണഞ്ഞു കുടിക്കാൻ ശീലിപ്പിക്കാം. മുലക്കണ്ണും ചുറ്റുമുള്ള ഭാഗവും മുഴുവനായും കുഞ്ഞിന്റെ വായ്ക്കുള്ളിൽ കടത്തി മേല്പറഞ്ഞ രീതിയിൽ പാൽ കുടിപ്പിക്കണം. മിനിട്ടോ മണിക്കൂറോ കണക്കാക്കേണ്ട. കുഞ്ഞിന് മതിവരുവോളം കുടിക്കട്ടെ. കുഞ്ഞിന് വയറുനിറഞ്ഞാൽ തനിയെ മുലകുടി നിർത്തും. ചിലപ്പോൾ ഉറങ്ങും. അല്ലെങ്കിൽ ഉന്മേഷത്തോടെ കളി തുടങ്ങും.

വയറു നിറയുമ്പോൾ കുഞ്ഞ് ഉറങ്ങും. ചിലപ്പോൾ മുലകുടിച്ചു കൊണ്ടുതന്നെ ഉറങ്ങാം. അതുമല്ലെങ്കിൽ ഉണർന്ന് കൈകാലിളക്കി സന്തോഷത്തോടെ കളിക്കാം. മുലപ്പാൽ മതിയാവുന്നില്ലെങ്കിൽ മുലയൂട്ടലിന് ശേഷവും കരയുകയും വിശപ്പിന്റെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും. മലബന്ധവും ഉണ്ടാവാം. സ്വാഭാവികമായ തൂക്കവർദ്ധനവും ഉണ്ടാവില്ല. മാസം തികയാതെ പ്രസവിച്ച കുട്ടികൾക്കും തീരെ തൂക്കക്കുറവ് ഉള്ള കുട്ടികൾക്കും ഏറെ നേരം മുലവലിച്ച് കുടിക്കാനുള്ള ശക്തി ഇല്ലെന്ന് വരാം. ഇവരെ ഒന്നോ ഒന്നരയോ മണിക്കൂർ ഇടവിട്ട് കുടിപ്പിക്കുന്നതിൽ തെറ്റില്ല.

പ്രസവം കഴിഞ്ഞ് ഏതാനും ദിവസത്തേക്ക് മുലപ്പാൽ കുറവായിരിക്കും. ഈ സമയത്ത് ശിശുവിന് മറ്റാഹാരങ്ങളൊന്നും കൊടുക്കാനാകാത്തതിനാൽ അമ്മ ആശങ്കാഭരിതയാകും. മനസ്സിലെ ഈ ആശങ്ക തന്നെ മുലപ്പാൽ ഊറിവരുന്നതിന് വിഘാതമാവും. ഇതോടെ കുപ്പിപ്പാൽ അമ്മയുടെയും ബന്ധുക്കളുടെയും അഭയമാകും. ഇത് സംഭവിക്കുവാൻ പാടില്ല. മുലപ്പാലൂറുന്നതിന് മുമ്പുള്ള പാൽ അളവിൽ കുറവെങ്കിലും കൂടുതൽ പോഷകമൂല്യമുള്ളതാണ്. മുല കുടിക്കുന്ന ശിശുക്കൾ എപ്പോഴും കരയുന്നത് സാധാരണയാണ്. കരഞ്ഞയുടനെ പാലില്ലാഞ്ഞിട്ടാണെന്നു പറഞ്ഞ് കുപ്പിപ്പാൽ കൊടുക്കും. ഇവിടെയാണ് കുഴപ്പം. പ്രസവം കഴിഞ്ഞ് രണ്ടു ദിവസം കഴിയുമ്പോഴേക്കും സ്വാഭാവികമായി മുലപ്പാൽ വന്നു തുടങ്ങും. മുലപ്പാലില്ലെങ്കിലും കുഞ്ഞിനെ മുലക്കണ്ണു ചവപ്പിക്കണം. കുഞ്ഞു നുണയുമ്പോൾ അമ്മയുടെ തലച്ചോറിൽ മുലപ്പാലൂറുന്നതിനുള്ള ഹോർമോണിന്റെ പ്രഭവകേന്ദ്രം പ്രചോദിതമാകും. മുലപ്പാൽ ചുരത്തുന്നതിനെ നിയന്ത്രിക്കുന്ന ഹോർമോൺ ഉണ്ടാവുന്നത് മുലയൂട്ടുന്നതിനുള്ള അമ്മയുടെ ആഗ്രഹത്തെയും ആശ്രയിച്ചിരിക്കുന്നു. മുലപ്പാൽ കുറവാണെങ്കിൽ വീണ്ടും വീണ്ടും കുഞ്ഞിനെ മുലയൂട്ടാൻ ചുറ്റുമുള്ളവർ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നത് നല്ലതാണ്.