കന്യാകുമാരി: ശബരിമല സന്ദർശനത്തിനിടെ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനെ എസ്.പി യതീഷ് ചന്ദ്ര അപമാനിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി കന്യാകുമാരി ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ അക്രമം.കല്ലേറിൽ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഏഴു ബസുകൾ തകർത്തു. മാർത്താണ്ഡം, ഇരവിപുത്തൂർക്കട,കരിങ്കൽ എന്നിവിടങ്ങളിലാണ് അക്രമമുണ്ടായത്. അക്രമത്തെ തുടർന്ന് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകൾ സർവ്വീസ് നിറുത്തിവച്ചെങ്കിലും പതിനൊന്നുമണിയോടെ പൊലീസ് സംരക്ഷണയിൽ കോൺവോയ് അടിസ്ഥാനത്തിൽ സർവ്വീസ് ആരംഭിക്കാൻ ശ്രമം തുടങ്ങിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ഹർത്താലായതിനാൽ അക്രമത്തിനുള്ള സാദ്ധ്യത കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി തമിഴ്നാട്ടിലേക്കുള്ള സർവ്വീസുകൾ ഇന്നലെ രാത്രി തന്നെ നിറുത്തിയിരുന്നു. കെ. എസ്.ആർ.ടി.സി കളിയിക്കാവിളവരെ മാത്രമാണ് സർവ്വീസ് നടത്തുന്നത്. തമിഴ്നാട്, കേരള ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ സർവ്വീസുകൾ നിർത്തിയതോടെ ഹർത്താലിൽ അന്തർസംസ്ഥാന ഗതാഗതം നിലച്ചു. ഹർത്താലിന്റെ പശ്ചാത്തലത്തിൽ കന്യാകുമാരി, നാഗർകോവിൽ റൂട്ടുകളിൽ ട്രെയിൻ സർവ്വീസുകൾ മാത്രമായിരുന്നു യാത്രക്കാർക്ക് ആശ്രയം. അത്യാവശ്യ സർവ്വീസുകളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലുള്ളത്.കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടക്കുകയാണ്. കാർത്തിക പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മിക്കതിനും അവധിയായിരുന്നെങ്കിലും കേരള - തമിഴ്നാട് അതിർത്തിയിലുള്ള പ്രൊഫഷണൽ സ്ഥാപനങ്ങളുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സർക്കാർ ഓഫീസുകളുടെയും പ്രവർത്തനം ഹർത്താലിൽ തടസപ്പെട്ടിട്ടുണ്ട്.
പൊൻ രാധാകൃഷ്ണനെ അപമാനിച്ചതിൽ പ്രതിഷേധിച്ച് തിങ്കൾച്ചന്ത, തിരുവട്ടാർ, തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവൻകോട്, നാഗർകോവിൽ, പദ്മനാഭപുരം, കുഴിത്തുറ എന്നിവിടങ്ങളിൽ ഹർത്താലുനുകൂലികൾ രാവിലെ പ്രകടനം നടത്തി. ചില സ്ഥലങ്ങളിൽ വാഹനങ്ങൾ തടയാനും കടകൾ അടപ്പിക്കാനുള്ള ശ്രമങ്ങളും വാക്കേറ്റങ്ങൾക്കും ഇടയാക്കി.പ്രശ്നബാധിത സ്ഥലങ്ങളിലും പ്രധാന സ്ഥലങ്ങളിലും പൊലീസ് പിക്കറ്റ് ക്രമീകരിച്ചിട്ടുണ്ട്. ഹർത്താലിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും അതിർത്തി പ്രദേശങ്ങളിൽ പൊലീസ് ബന്തവസ് ഏർപ്പെടുത്തി. പനച്ചമൂട്, മണിവിള,ചെറിയകൊല്ല,തോലടി, കുന്നത്തുകാൽ, കളിയിക്കാവിള, ഊരമ്പ് എന്നിവിടങ്ങളിലാണ് പൊലീസ് ബന്തവസ് ഏർപ്പെടുത്തിയത്. വൈകിട്ട് ആറുവരെയാണ് ഹർത്താൽ.