ശാസ്താവിന്റെ നിർഗുണഭാവത്തിലെ അരൂപിയാണ് ബ്രഹ്മചൈതന്യം അഥവാ നിർഗുണബ്രഹ്മം. നിർഗുണ ബ്രഹ്മാവസ്ഥയിലെ അയ്യനെ അഥവാ അയ്യപ്പനെ കാണാനാകില്ല. കേട്ടും തൊട്ടറിഞ്ഞും മണത്തും രുചിച്ചുമൊന്നും അതിന്റെ രൂപം മനസിലാക്കാൻ സാധ്യമല്ല. കാണുക സാധ്യമല്ലെങ്കിൽ പിന്നെയോ? സാക്ഷാൽ അയ്യപ്പനുമായി താദാത്മ്യം പ്രാപിച്ച് താനും അയ്യപ്പനും ഒന്നാണെന്ന ബോധം ആരാധകൻ അനുഭവിച്ചറിയുക മാത്രമാണ് മാർഗം. അതിന് ശ്രീനാരായണഗുരുദേവൻ ആത്മോപദേശശതകത്തിൽ പറയും പോലെ കണ്ണുകളഞ്ചും ഉള്ളടക്കി തെരുതെരെ വീണു വണങ്ങിയോതിടേണ്ടതുണ്ട് കണ്ണ്, മൂക്ക്, ചെവി, നാക്ക്, ത്വക്ക് എന്നീ അഞ്ച് ഇന്ദ്രിയങ്ങളേയും പ്രവർത്തനരഹിതമാക്കി തെരുതെരെ വീണ് ശരണമന്ത്രമോതണം. ആരാധനാമൂർത്തി (ചൈതന്യം) യായ അയ്യപ്പനും ആരാധിക്കുന്നയാളും ഒരേ അയ്യപ്പന്റെ ഭാവത്തിലേക്ക് മാറുന്ന അവസ്ഥയാണിത്. ഈ താദാത്മ്യം പ്രാപിക്കലാണ് മോക്ഷം. അഥവാ അയ്യപ്പനും വന്ദിക്കുന്ന അയ്യപ്പനും ഒന്നാകുന്ന സാഹചര്യം. ഇപ്രകാരം ഒന്നായാൽ മോക്ഷം കൊണ്ടുണ്ടാകുന്ന നിർവൃതി (പരമാനന്ദം) ആരാധകന് ലഭ്യമാകും.
ബ്രഹ്മവുമായുള്ള ഈ ഒന്നാകൽ ലഘുവായ കാര്യമല്ല. ഗുരുദേവനെപ്പോലെയുള്ള മഹർഷിമാർക്ക് ബ്രഹ്മചര്യവും തപസും കൊണ്ട് ലഭ്യമായതാണ് ഈ അവസ്ഥ. അത് ലഭ്യമാകാൻ മനുഷ്യമനസിന്റെ ഏകാഗ്രത വർദ്ധിപ്പിച്ച് ജാഗ്രത്തും സ്വപ്നവും സുഷുപ്തിയും കടന്ന് അതിനപ്പുറമുള്ള തുര്യഭാവത്തിലേയ്ക്ക് എത്തിക്കേണ്ടതുണ്ട്. ഒരു നിമിഷമെങ്കിലും തുര്യഭാവത്തിലേയ്ക്കെത്തിയാൽ ആരാധകൻ, ബ്രഹ്മം തന്നെയായിത്തീരുകയാണ്. ആ അവസ്ഥയിൽ വേർതിരിവുകളില്ല. സ്ഥലകാലപരിമിതികളില്ല. ഈ സ്ഥിതിയിൽ പ്രപഞ്ചമാകെ നിറയുന്ന ചൈതന്യഭാവം കൊണ്ട് മോക്ഷം അഥവാ പരമാനന്ദം ലഭിക്കും. ബ്രഹ്മാവസ്ഥയിലേക്കുയരാൻ തുര്യഭാവത്തിലെത്തണം. ഇതിന് തീവ്രമായ ബ്രഹ്മചര്യവും, എല്ലാം വിസ്മരിച്ച് ഏകാഗ്രമായ പ്രാർത്ഥനയും വേണം. ശബരിമലയുടെ കാര്യത്തിൽ, അയ്യപ്പനും താനും ഒന്നാകണമെന്ന് തീവ്രമായി ആഗ്രഹിച്ച് ശരണമയ്യപ്പാ എന്ന ശരണമന്ത്രം ഉരുവിട്ട് വരുന്നവരാണ് തീർത്ഥാടക സംഘങ്ങൾ.
സാധാരണ മനസിന് ചാഞ്ചല്യമില്ലാതെ അയ്യപ്പനെ മാത്രം മനസിൽ ഏകാഗ്രമായി ചിന്തിക്കാനുള്ള മാർഗമാണ് ശരണംവിളി. അതുപോലെ, തനിക്കു ചുറ്റുമുള്ളതെല്ലാം ബ്രഹ്മ മയമാണെന്നും അയ്യപ്പനാണെന്നുമുള്ള സങ്കൽപ്പത്തിലാണ് എല്ലാവരും പരസ്പരം 'അയ്യപ്പാ" 'അയ്യപ്പാ"എന്ന് വിളിക്കുന്നത്. ശബരിമലയിൽ അയ്യപ്പൻമാരേയുള്ളൂ. അവിടെ പണ്ഡിതനും പാമരനുമില്ല. ധനികരും ദരിദ്രരുമില്ല പൊലീസുകാരനും ഏമാനുമില്ല, തോക്കും ഷൂസുമില്ല. ബ്രഹ്മചര്യത്തിനും ഏകാഗ്രതയ്ക്കും ഭംഗം വരുത്തുന്ന ദ്വൈതങ്ങളൊന്നുമില്ല. എല്ലാം ഏകം അദ്വൈതം. അതുതന്നെയാണ് അവിടെ സന്നിധാനത്ത് എഴുതിവച്ച 'തത്ത്വമസി" (അതു നീയാണ്) എന്ന ഛാന്ദോഗ്യോപനിഷത്തിലെ ശ്രുതിവചനം. ബ്രഹ്മത്തെ അന്വേഷിച്ച് പ്രപഞ്ചമാകെ കറങ്ങി യുക്തമായ മറുപടി ലഭിക്കാതെ വന്നപ്പോൾ ആരാണ് ഈ ബ്രഹ്മം എന്ന ചോദ്യത്തിന് ഉദ്ദാലകൻ മകൻ ശ്വേതകേതുവിനോട് പറയുന്ന വാക്യമാണിത്.
സ്ത്രീത്വത്തിന് ഏറെ മഹത്വം കൽപ്പിച്ച മഹർഷിയാണ് ശ്രീനാരായണഗുരുദേവൻ. ഗുരുദേവന്റെ അനവധി കൃതികൾ ദേവീസ്തവങ്ങളാണ്. മാതാവിനോടുള്ള സ്നേഹം പ്രകടമാക്കുന്ന ഏറ്റവും ഉദാത്തമായ കൃതികളിൽ ഒന്ന് ഗുരുദേവന്റെ പിണ്ഡനന്ദിയാണ്. ശിവഗിരി ആസ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുള്ളതും ബ്രഹ്മസ്വരൂപിണിയായ ശാരദാദേവിയെയാണ്. ഗുരുദേവന്റെ സാമൂഹ്യപരിഷ്കരണങ്ങളിലും ഈ സമീപനം കാണാം. ഗുരുദേവൻ വിവാഹചടങ്ങിനെ പരിഷ്ക്കരിച്ചു. അതുപ്രകാരം മണ്ഡപത്തൽവച്ച് വധു വരന് വരണമാല്യം ഇട്ടതിനു ശേഷമാണ് വരൻ താലി കെട്ടുന്നത്. അവിടെ പുരുഷനെ വരിക്കാൻ സ്ത്രീയുടെ സമ്മതം അനുപേക്ഷണീയമാണെന്ന ആശയമാണ് വ്യക്തമാകുന്നത്. മനുഷ്യന്റെ വ്യാവഹാരിക(ലൗകിക) ജീവിതത്തിൽ അവന്റെ ഏകാഗ്രമായ മനസിനെ സംഭ്രമിപ്പിക്കുന്ന ഏറ്റവും വലിയ കർമ്മവാസന കാമമാണ്. വിശ്വാമിത്ര മഹർഷിപോലും മേനകയുടെ വശ്യസൗന്ദര്യത്തിന് അടിമപ്പെട്ട് തപോഭംഗം വന്ന മഹർഷിയാണ്. ആ നിലയ്ക്ക് സാധാരണക്കാരന്റെ കാര്യം പറയേണ്ടതില്ലല്ലോ.
ശ്രീനാരായണഗുരുദേവൻ അരുവിപ്പുറത്തുവച്ച് രചിച്ച ശിവശതകം എന്ന കൃതി ശിവോപാസകൻമാരായ ഭക്തൻമാർക്കുവേണ്ടി രചിച്ചതാണ്. ആ കൃതിയിൽ സ്ത്രീസൗന്ദര്യം അവരിൽ ഭ്രമം ഉളവാക്കാതിരിക്കാൻ ശിവയോഗികൾ ശിവനെ പ്രാർത്ഥിക്കുന്നതായുള്ള ഏതാനും പദ്യങ്ങളുണ്ട് (67 മുതൽ 73 വരെ). അവ ഗുരുദേവന്റെ മനോവികാരങ്ങളെ പ്രതിഫലിപ്പിക്കുന്നവയാണെന്ന് കരുതിക്കൂടാ. തുര്യഭാവത്തിലെത്തുന്നതിന് വേണ്ടിവരുന്ന തീവ്രഏകാഗ്രതയ്ക്ക് സ്ത്രീകളുടെ ഭാവരൂപാദികൾ കൊണ്ടൊന്നും ഭംഗം ഉണ്ടാകാതിരിക്കാൻ അഥവാ പൂർണവൈരാഗിയായിരിക്കാൻ ശിവനോട് പ്രാർത്ഥിക്കുന്നതായുള്ള പദ്യങ്ങളാണ്. ഓരോ പദ്യവും അവസാനിക്കുന്നത് സ്ത്രീകളുടെ അംഗചലനങ്ങളും വശ്യതയും കൊണ്ട് ഏകാഗ്രത നഷ്ടപ്പെടുത്തി 'വലയ്ക്കൊലാ' മഹേശാ എന്നപേക്ഷിച്ചു കൊണ്ടാണ്. സ്ത്രീജന്മത്തിന് പ്രകൃതി അനുഗ്രഹിച്ച് നൽകിയ വരമാണ് സൗന്ദര്യവും അതുണ്ടാക്കുന്ന ആകർഷകത്വവും. അത് മാനവരാശിയുടെ നിലനില്പ് ഉറപ്പാക്കുന്ന പ്രജനനത്തിനും അനുപേക്ഷണീയമാണെന്നും നമുക്കറിയാം. സ്ത്രീസൗന്ദര്യം ഏറ്റവും വശ്യതയാർജ്ജിക്കുന്നത് യുവത്വത്തിലാണ്. ഒരുപക്ഷേ കേരള ഹൈക്കോടതി ഒരു വിധിയിൽ ഈ പറയുന്ന യുവത്വം 10 വയസു മുതൽ 50 വയസു വരെയെന്ന് നിർണയിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാകാം.
ഭാരതീയദർശനങ്ങളിൽ പൊതുവെ മാതൃത്വത്തിനാണ് പ്രാമുഖ്യം. മാതൃരാജ്യവും മാതൃഭാഷയുമെല്ലാം ഉദാഹരണങ്ങൾ മാത്രം. നൈഷ്ഠിക ബ്രഹ്മചാരിയായിരിക്കുന്ന ഒരു ചൈതന്യവുമായി താദാത്മ്യം പ്രാപിച്ച് സായൂജ്യമടയാൻ വരുന്ന ഭക്തന് 41 ദിവസത്തെ ബ്രഹ്മചര്യവും അയ്യപ്പന്റെ ഏകാഗ്രചിന്തയും നഷ്ടപ്പെടുന്ന രീതിയിലുള്ള തടസങ്ങളോ അനാവശ്യമായ മത്സരങ്ങളോ അപ്രസക്തമാണ്. ഇവിടെ സ്ത്രീസമത്വത്തിന്റെ ലംഘനം വരുന്നില്ല മറിച്ച്, പരമ്പരാഗതമായി അനുഷ്ഠിച്ചുവരുന്ന നിരുപദ്രവകരമായ ഒരാചാരത്തെ അപ്പാടെ നിലനിറുത്തുന്നതിന് ഭക്തരെ അനുവദിക്കുന്നതല്ലേ ഉത്തമം. എത്രയോ മഹതികൾ ശബരിമല തീർത്ഥാടകരായ സ്വന്തം കുടുംബാംഗങ്ങൾക്കുവേണ്ടി വ്രതാനുഷ്ഠാനങ്ങൾക്കുള്ള സാഹചര്യം ഒരുക്കി അതിൽക്കൂടി സായൂജ്യം അനുഭവിക്കുന്നുണ്ട്.
( ലേഖകൻ കാലിക്കറ്റ് സർവകലാശാല മുൻ വിസിയാണ്. ഫോൺ : 9447211133 )