
ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ജസ്‌റ്റിസ് ഇന്ദു മൽഹോത്രയുടെ വിധി പ്രസ്‌താവനം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള അടക്കം അഞ്ച് പേർക്കെതിരെ കോടതിയലക്ഷ്യ ഹർജി. ശബരിമല തന്ത്രി കണ്‌ഠരര് രാജീവരര്, നടൻ കൊല്ലം തുളസി തുടങ്ങിയവർക്കെതിരെയാണ് അഭിഭാഷകരായ ഗീനാകുമാരി, എ.വി.വർഷ എന്നിവർ സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ ഇത് സംബന്ധിച്ച ഹർജിക്ക് സോളിസിറ്റർ ജനറൽ അനുമതി നിഷേധിച്ചിരുന്നു. സോളിസിറ്റർ ജനറൽ നൽകിയ മറുപടി അടക്കമാണ് ഇപ്പോൾ ഹർജി സമർപ്പിച്ചിരിക്കുന്നത്.
സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം സംഘിടിപ്പിച്ചത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായ പി.എസ്.ശ്രീധരൻപിള്ളയുടെ നേതൃത്വത്തിലാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. അഭിഭാഷകനായ ശ്രീധരൻപിള്ള കോടതിക്കെതിരെ സമരം സംഘടിപ്പിച്ചത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ശബരിമലയിൽ സ്ത്രീ പ്രവേശനമുണ്ടായാൽ നട അടയ്‌ക്കുമെന്ന് തന്ത്രി കണ്‌ഠരര് രാജീവരര് നിലപാടെടുത്തതും കോടതി ഉത്തരവിന് എതിരാണ്. മാത്രവുമല്ല നടൻ കൊല്ലം തുളസി ശബരിമലയിൽ കയറുന്ന സ്ത്രീകളെ രണ്ടായി പിളർത്തി മുഖ്യമന്ത്രി പിണറായി വിജയന് അയച്ച് കൊടുക്കണമെന്ന് പ്രസംഗിച്ചത് അങ്ങേയറ്റം സ്ത്രീ വിരുദ്ധവും സുപ്രീം കോടതിയെ അവഹേളിക്കലാണെന്നും ഹർജിയിൽ ആരോപിക്കുന്നു. അതേസമയം, ശബരിമല വിഷയത്തിലെ ഹർജികൾ ജനുവരി 22ന് മുമ്പ് പരിഗണിക്കില്ലെന്ന സുപ്രീം കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന.