senkumar

തിരുവനന്തപുരം: കേരളത്തിലെ ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷ സർക്കാരിനെ നേരിടാൻ കേന്ദ്രസർക്കാർ ഒരുക്കുന്നത് ടി.പി സെൻകുമാർ എന്ന വജ്രായുധത്തെയെന്ന് സൂചന. ഇതിന് മുന്നോടിയായി മുൻ ഡി.ജി.പി കൂടിയായ സെൻകുമാറിനെ ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് വിവരം. മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രം ഇതുസംബന്ധിച്ച് തങ്ങളുടെ ഓൺലൈനിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

സംസ്ഥാനസർക്കാരുമായി നിയമപോരാട്ടം നടത്തി ഡി.ജി.പി സ്ഥാനം തിരിച്ചുപിടിച്ച സെൻകുമാറിനെ ഗവർണർ സ്ഥാനത്ത് നിയമിക്കുന്നത് കേരളത്തിലെ ബി.ജെ.പിക്ക് എന്തുകൊണ്ടും ഗുണകരമാകുമെന്ന വിലയിരുത്തൽ കേന്ദ്രനേതൃത്വത്തിനുണ്ടെന്നാണ് സൂചന. ദേശീയ സുരക്ഷാ ഉപദേഷ്ടാവും കേരള കേഡർ മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥനുമായ അജിത് ഡോവലാണ് ഈ നിർണായകനീക്കത്തിന്റെ ബുദ്ധികേന്ദ്രം.

ബി.ജെ.പി. ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ അടുത്തിടെ കേരളത്തിലെത്തിയപ്പോൾ സെൻകുമാർ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. അന്ന് ഷായെ സന്ദർശിച്ച പ്രമുഖരിൽ പലരും ബി.ജെ.പിയിൽ ചേർന്നെങ്കിലും സെൻകുമാർ അംഗത്വമെടുക്കാതിരുന്നത്, അദ്ദേഹത്തെ തേടിയെത്താനിരിക്കുന്ന പദവിക്കു മുന്നോടിയായാണെന്ന് അഭ്യൂഹമുയർന്നിരുന്നു.

സെൻകുമാറിനെ കേരളത്തിൽതന്നെ ഗവർണറാക്കണമെന്ന് ബി.ജെ.പിയിലെ ചില നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഗവർണറാക്കുന്നയാൾക്ക് അതേ സംസ്ഥാനത്തുതന്നെ നിയമനം നൽകുന്ന കീഴ്‌വഴക്കമില്ല. അങ്ങനെ ചെയ്യരുതെന്ന് ഭരണഘടനയിൽ പറയുന്നുമില്ല. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ മോഡി സർക്കാർ ഗവർണറായി നിയമിച്ചതും കീഴ്‌വഴക്കങ്ങൾ ലംഘിച്ചായിരുന്നു.

തന്നെ പോലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയ നടപടിക്കെതിരെ സെൻകുമാർ സുപ്രീം കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയതും പിണറായി സർക്കാരിന് കുറച്ചൊന്നുമല്ല ക്ഷീണമുണ്ടാക്കിയത്. സ്ഥാനമൊഴിഞ്ഞശേഷം അദ്ദേഹത്തെ കേന്ദ്ര അഡ്‌മിനിസ്‌‌ട്രേറ്റിവ് ട്രൈബ്യൂണൽ അംഗമായി നിയമിക്കാനുള്ള നീക്കത്തിനും സർക്കാർ തടയിട്ടിരിക്കുകയാണ്.