pon-radakrishnan
നിലയ്‌ക്കലിലെത്തിയ മന്ത്രി പൊൻരാധാകൃഷ്‌ണനും എസ്.പി യതീഷ് ചന്ദ്രയും തമ്മിൽ നടന്ന വാക്കേറ്റം

ശബരിമല: ശബരിമല ദർശനത്തിനെത്തിയ തന്നോട് നിലയ്ക്കലിൽ മോശമായി പെരുമാറിയ എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ കേന്ദ്ര ഷിപ്പിംഗ്, ധനകാര്യ സഹമന്ത്രി പൊൻ രാധാകൃഷ്ണൻ സ്പീക്കർ സുമിത്ര മഹാജന് പരാതി നൽകും. കേന്ദ്രമന്ത്രിയെന്ന പരിഗണന നൽകാതെ തന്നോട് എസ്. പി യതീഷ്ചന്ദ്ര നടത്തിയ സിനിമാ സ്റ്രൈൽ പ്രകടനം ദേശീയമാദ്ധ്യമങ്ങൾവരെ റിപ്പോർട്ട് ചെയ്തതോടെയാണ് വിഷയം മന്ത്രിതന്നെ സ്പീക്കർക്ക് പരാതിയായി നൽകുന്നത്.

സംഭവ ദിവസം മന്ത്രി പൊൻ രാധാകൃഷ്ണൻ ശബരിമലയിൽ എസ്.പിക്കെതിരെ വാർത്താമാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ മന്ത്രിമാരോട് എസ്.പി ഇങ്ങനെ സംസാരിക്കുമോ എന്നായിരുന്നു മന്ത്രി ചോദിച്ചത്. ശബരിമലയിൽ നിന്ന് തിരിച്ചുവരുന്ന വഴി പുലർച്ചെ ഒന്നരയോടെ മന്ത്രിയുടെ വാഹനവ്യൂഹത്തിലെ ഒരു കാർ പൊലീസ് തടഞ്ഞതും വിവാദമായിരുന്നു. ഇതിനെ മന്ത്രി ചോദ്യം ചെയ്തതിനെ തുടർന്ന് എസ്.പി ഹരിശങ്കർ വിശദീകരണം എഴുതിനൽകിയതും വാർത്തയായിരുന്നു. എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു.

പ്രോട്ടോക്കാൾ ലംഘനത്തിന് പുറമേ തികഞ്ഞ തിക്താനുഭവം മന്ത്രിക്ക് നേരിടേണ്ടിവന്നു എന്ന് പരാതി ഉയർന്നിരുന്നു. എസ്.പി യുടെ ഭാഗത്തുനിന്ന് അതിരുവിട്ട നടപടി ഉണ്ടായിട്ടും തികഞ്ഞ ഭക്തനെന്ന നിലയിലാണ് മന്ത്രി പ്രതികരിച്ചത്. ഇതാദ്യമായിരിക്കും എസ്. പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ധിക്കാരപൂർവമായ പെരുമാറ്റം ഒരു കേന്ദ്രമന്ത്രിക്ക് നേരിടേണ്ടിവരുന്നത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയും പേരെടുത്ത് പറയാതെ എസ്. പി യെ വിമർശിച്ചിരുന്നു.

യതീഷ് ചന്ദ്ര വിഷയത്തിൽ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടുമെന്നും സൂചനയുണ്ട്. ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്ന് കേന്ദ്രസർക്കാരിന് സംസ്ഥാനത്തോട് നിർദ്ദേശിക്കാനാവും. എന്നാൽ, കേന്ദ്രം നിർദ്ദേശിച്ചാലും യതീഷിനെതിരെ നടപടി വേണ്ടെന്നാണ് സംസ്ഥാന സർക്കാർ തീരുമാനമെന്ന് സൂചനയുണ്ട്.