അല്പനേരം കൂടി തന്റെ പത്രം ഓഫീസിൽ അങ്ങനെ തന്നെ ഇരുന്നു വാസുദേവൻ.
പിന്നെ രണ്ടു മൂന്നു തവണ ശ്വാസം വലിച്ചുവിട്ടു.
രോഷത്താൽ തലച്ചോറിലേക്ക് ഇരച്ചുകയറിയ രക്തം മെല്ലെ തിരിച്ചിറങ്ങുന്നതു പോലെ തോന്നി.
റിവോൾവർ അയാൾ അരയിൽ തിരുകി. പിന്നെ എഴുന്നേറ്റ് വാതിൽ പൂട്ടി.
വീട്ടിലെത്തുമ്പോൾ പതിനൊന്നു മണി.
''എന്താ ഇത്രയും താമസിച്ചത്?"
മാലിനി തിരക്കി.
''ഇത്തിരി പണിയുണ്ടായിരുന്നു."
വേഷം മാറി വാസുദേവൻ കുളിമുറിയിൽ കയറി. വാട്ടർ ഹീറ്റർ ഓൺ ചെയ്തു.
ചൂടുവെള്ളത്തിൽ ഒന്നു കുളിച്ചുകഴിഞ്ഞപ്പോൾ ബാക്കിയുണ്ടായിരുന്ന ടെൻഷനും പോയി.
തീൻമേശയിൽ എല്ലാവരും ഒന്നിച്ചുകൂടി.
ദിവസങ്ങൾ കുറച്ചു കഴിഞ്ഞെങ്കിലും സത്യന്റെ കസേര ശൂന്യമായി കിടക്കുന്നതു കാണുമ്പോൾ ഒരു വിഷമമാണ് എല്ലാവർക്കും.
''നിന്റെ അടുത്ത പരിപാടിയെന്താ? ഏതായാലും രാഷ്ട്രീയം വിടാൻ തീരുമാനിച്ചല്ലോ..."
വാസുദേവൻ, അനൂപിനെ നോക്കി.
''പലതും ചിന്തിക്കുന്നുണ്ട് അച്ഛാ. അതിൽ ഏത് വേണമെന്ന് ഇതുവരെ തീരുമാനിച്ചില്ല."
വാസുദേവൻ മൂളി
''എന്തായാലും നേതാക്കന്മാരുടെ പൃഷ്ടം താങ്ങിയും ജനത്തിന്റെ തെറിവിളി കേട്ടും ജീവിക്കണ്ട എന്നു തീരുമാനിച്ചതു തന്നെ നല്ല കാര്യം. വെഹിക്കിൾ ഇൻസ്പെക്ടർ പോസ്റ്റിന്റെ റാങ്ക് ലിസ്റ്റിൽ ഉണ്ടല്ലോ നീ? രാഷ്ട്രീയം കാരണം അതു വേണ്ടെന്ന് മനസ്സിൽ കരുതിയിരുന്നതുമാണല്ലോ. ആ പണി കിട്ടിയാൽ ഇനി കളയണ്ടാ."
അനൂപ് തലകുലുക്കി.
ഭക്ഷണശേഷം വാസുദേവൻ സിറ്റൗട്ടിലേക്കിറങ്ങി. അത് പതിവാണ്. കുറച്ചുനേരം ശുദ്ധവായു ശ്വസിച്ച് അവിടെയിരിക്കുക.
വീട്ടുകാര്യവും പത്രത്തിന്റെ കാര്യവുമൊക്കെ ചിന്തിക്കുന്നത് ആ നേരത്താണ്.
എന്നാൽ ഇന്ന് അയാൾ അവിടെയിരുന്നുകൊണ്ട് വിജയയെ വിളിച്ചു.
അവൾ എത്തി.
''നീ ഇരിക്ക്." വാസുദേവൻ പറഞ്ഞു.
വിജയയുടെ നെറ്റി ചുളിഞ്ഞു. ഇത് പതിവില്ലാത്തതാണ്. ഇതിനർത്ഥം അച്ഛന് തന്നോട് ഗൗരവകരമായ എന്തോ പറയാനുണ്ടെന്നാണ്!
അവൾ ഇരുന്നു.
''എന്താ അച്ഛാ?"
''ഇന്ന് വൈകിട്ട് ഓഫീസിൽ ഒരു സംഭവമുണ്ടായി. അനൂപ് അറിയണ്ടാ."
എന്ന മുഖവുരയോടെ അയാൾ സ്പാനർ മൂസയുടെ കാര്യം പറഞ്ഞു.
നടുങ്ങിപ്പോയി വിജയ.
''അയാൾ അവിടെനിന്ന് ഇറങ്ങിയ നേരമെങ്കിലും അച്ഛന് എന്നെയൊന്ന് വിളിച്ചു കൂടായിരുന്നോ?"
നിഷേധ ഭാവത്തിൽ വാസുദേവൻ തലയാട്ടി.
''അതുകൊണ്ട് പ്രയോജനം ഇല്ലെന്നു തോന്നി. നിനക്കൊന്നും അത്രവേഗം അവനെ തളയ്ക്കാൻ കഴിയില്ല. പിന്നെ... ഇക്കാര്യം ഇപ്പോൾ നിന്നോടു പറയുന്നത്.. സ്പാനർ മൂസ ഇനിയും വരും. ഏത് രൂപത്തിലും. അച്ഛന് എന്തെങ്കിലും പറ്റിയാൽ അതിനു പിന്നിൽ മുൻമന്ത്രി രാജസേനനും മൂസയുമാണെന്ന് അറിഞ്ഞിരിക്കാൻ വേണ്ടിയാ...."
''ഇല്ലച്ഛാ...." വിജയ കസേരയിൽ മുന്നോട്ടാഞ്ഞിരുന്നു. ശബ്ദം മുറുകി:
''അച്ഛന്റെ മുന്നിൽ ഇനി അവൻ വരില്ല. ഇതന്റെ വാക്കാ."
അത്ഭുതത്തോടെ വാസുദേവൻ മകളെ നോക്കി.
''അവനെ തടയാനുള്ള കരുത്ത് എന്റെ മകൾക്കായോ?"
വിജയ ഒന്നു ചിരിച്ചു.
''ഓപ്പറേഷൻ സ്പാനർ മൂസ. അതാണ് ഞങ്ങളുടെ ടാർജറ്റ്."
''ശരി. എങ്കിൽ നീ പോയി കിടന്നോ."
വിജയ എഴുന്നേറ്റു.
വാസുദേവൻ ഒരിക്കൽകൂടി ഓർമ്മപ്പെടുത്തി:
''അനൂപോ നിന്റെ അമ്മയോ ഇക്കാര്യം അറിയണ്ടാ.."
''ശരിയച്ഛാ..."
എന്നാൽ ഭിത്തിക്കു മറഞ്ഞ് എല്ലാം കേട്ടുകൊണ്ടു നിൽക്കുകയായിരുന്നു അനൂപ്. സൂത്രത്തിൽ അവൻ അവിടെ നിന്നു പെട്ടെന്നു മാറി....
രാത്രിയുടെ യാമങ്ങൾ കൊഴിഞ്ഞുവീണു.
ഫോണിന്റെ ശബ്ദം വാസുദേവനെ ഉണർത്തി. കൈനീട്ടി തലയിണയ്ക്കടിയിൽ നിന്ന് ഫോൺ എടുത്ത വാസുദേവനെ അപ്പുറത്തു നിന്നു കേട്ട വാർത്ത നടുക്കി..
(തുടരും)