road-construction

കാസർകോട്: മരാമത്ത് ജോലികളുടെ കരാറുകൾ ഉറപ്പിക്കാൻ വ്യാജ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് നൽകിയ കരാറുകാർക്കെതിരെ കാസർകോട്ട് അന്വേഷണം ആരംഭിച്ചതോടെ ഇത്തരം തട്ടിപ്പുകൾ സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലും നടന്നിട്ടുണ്ടോയെന്ന പരിശോധന വരുന്നു. കാസർകോട്, ബേക്കൽ, ബദിയടുക്ക, ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനുകളിലാണ് ഇതുസംബന്ധിച്ച പരാതികൾ വന്നിരിക്കുന്നത്. വ്യാജരേഖ ചമച്ചതിന് ചില കരാറുകാരുടെ പേരിൽ കൂടുതൽ കേസുകൾ വരാൻ സാധ്യതയുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. പൊതുമരാമത്ത് വിഭാഗം ഓഫീസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇതുസംബന്ധിച്ച പരിശോധനകൾ നടക്കുന്നുണ്ട്. കരാറുകാർക്കെതിരെ കേസെടുത്തതിന് പുറമെ വ്യാജരേഖകൾ സ്വീകരിച്ച സംഭവങ്ങളിൽ ഉദ്യോഗസ്ഥരും കുടുങ്ങുമെന്നാണ് അറിയുന്നത്.

പള്ളിക്കര പഞ്ചായത്തിലെ റോഡ് നിർമാണ പ്രവൃത്തിയിൽ വ്യാജ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റാണെന്ന് കണ്ട് ചെർക്കള ബേവിഞ്ചയിലെ മുഹമ്മദ് സൈദ്, ചട്ടഞ്ചാൽ തെക്കിലിലെ ഖാദർ കുഞ്ഞി എന്നിവർക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. പഞ്ചായത്ത് എൽ.എസ്.ജി.ഡി എൻജിനീയറുടെ പരാതിയിലാണ് കേസ്. എസ്.ഐ കെ.പി വിനോദ്കുമാറാണ് അന്വേഷണം നടത്തുന്നത്.

പഞ്ചായത്തിന്റെ 9 റോഡ് പ്രവൃത്തികളുടെ പണി ഏറ്റെടുക്കുന്നതിനായി പണയപ്പെടുത്തിയ 12 സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റുകളും കളർ പ്രിന്റ് പകർപ്പുകളും വ്യാജവുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ലക്ഷത്തോളം രൂപയുടെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റാണ് കരാറുകാർ നൽകേണ്ടത്. 9 പ്രവൃത്തികളിൽ മൂന്നെണ്ണത്തിന്റെ ബില്ല് കരാറുകാർക്ക് നൽകിയിട്ടുണ്ട്.

കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ മൂന്ന് പ്രവൃത്തികളിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകിയതായുള്ള പരാതിയിൽ ചട്ടഞ്ചാൽ തെക്കിലിലെ സയ്യിദിനെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. കാസർകോട് ജില്ലാ പഞ്ചായത്ത്, കാഞ്ഞങ്ങാട്, കാസർകോട്, പരപ്പ ബ്ലോക്ക് പഞ്ചായത്തുകൾ, മൊഗ്രാൽ പുത്തൂർ, കുമ്പള, മഞ്ചേശ്വരം പഞ്ചായത്തുകൾ എന്നിവിടങ്ങളിലും വ്യാജസ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് നൽകിയതായി സൂചന ലഭിച്ചതായി പൊലീസ് പറയുന്നു.

എല്ലായിടത്തും വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി നൽകിയത് ഒരേ സംഘമാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയവരെ കണ്ടെത്തണമെങ്കിൽ കരാറുകാരെ ചോദ്യം ചെയ്യേണ്ടിവരുമെന്നും പറയുന്നുണ്ട്.

കണ്ടെത്തിയ വഴി

ക്വട്ടേഷനിൽ വിളിച്ചെടുത്ത പ്രവൃത്തി ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനുള്ള അനുമതിക്ക് പ്രവൃത്തി തുകയുടെ നിശ്ചിത ശതമാനം ട്രഷറി, ബാങ്ക്, തപാൽ ഓഫീസ് എന്നിവയിൽ ഏതെങ്കിലും സ്ഥാപനത്തിൽ നിന്ന് കരാറുകാരന്റെ പേരിൽ സ്ഥിരനിക്ഷേപം നടത്തിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേരിൽ പണയപ്പെടുത്തണമെന്നാണ് വ്യവസ്ഥ. നിർമാണ പ്രവർത്തനം പൂർത്തിയാക്കി കരാർ തുക കൈപ്പറ്റിയാൽ മാത്രമേ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് മടക്കിക്കൊടുക്കുകയുള്ളൂ.

കാസർകോട്ട് രണ്ടുമാസം മുമ്പ് കരാറുകാർ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്തിൽ നിന്ന് തിരികെ നല്കുന്നതിൽ വീഴ്ച ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ഇതാണ് ഇതുസംബന്ധിച്ച പരിശോധനകൾക്കും തട്ടിപ്പ് കണ്ടെത്തുന്നതിനും ഇടയാക്കിയത്.