വടകര: അഴിയൂരിൽ യൂത്ത് ലീഗ് പ്രവർത്തകരായ മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ 20 സി.പി.എം പ്രവർത്തകർക്കെതിരെ ചോമ്പാല പൊലീസ് കേസെടുത്തു. കൊട്ടിക്കൊല്ലൻ മുനാഫിർ (26), മരുന്നറക്കൽ തെക്കയിൽ നദീർ (28), കല്ലാമല മുഹമ്മദ് ഷബീം (18) എന്നിവർക്കാണ് പരിക്കേറ്റത്. റമീസ്, അസ്നാസ്, ശരത്ത്, റജിത്ത്, സുബിൻ, ഹാരിസ്, കണ്ടാലറിയാവുന്ന മറ്റ് 14 പേർ എന്നിവർക്കെതിരെയാണ് കേസ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം കാറിലെത്തിയ സംഘം ഗവ. എച്ച്.എസ്.എസിനടുത്ത് മുനാഫറിനെയും നദീറിനെയും ഷബീമിനെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ സി.പി.എം ആണെന്ന് ആരോപിച്ച യൂത്ത് ലീഗ് പ്രവർത്തകരുടെ പരാതി പ്രകാരമാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മുനാഫിറിന്റെ കാലിന് സാരമായ പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ഇവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ആഹ്വാനം ചെയ്ത അഴിയൂർ പഞ്ചായത്തിലെ ഹർത്താൽ പൂർണമാണ്. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു. വാഹനങ്ങളെ ഹർത്താൽ ബാധിച്ചിട്ടില്ല. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.