atm

കോട്ടയം: സംസ്ഥാനത്തെ മൂന്നു ജില്ലകളിൽ എ.ടി.എം മോഷണവും മോഷണ ശ്രമവും നടത്തിയ സംഘത്തിലെ അവശേഷിക്കുന്ന മൂന്ന് പ്രതികളെ തേടി കേരള പൊലീസ് വീണ്ടും ഉത്തരേന്ത്യയിലേക്ക്. പ്രതികളായ അലീൻ (26), ഹരിയാന സ്വദേശികളായ അസംഖാൻ (18), ഷെഹസാദ് (33) എന്നിവരാണ് ഇനിയും പിടിയിലാകാനുള്ളത്. കേസിലെ മറ്റൊരു പ്രതിയായ പപ്പിസിംഗ് തീഹാർ ജയിലിൽ റിമാൻഡിലാണ്. ഇയാളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളും പൊലീസ് സ്വീകരിക്കും. കഴിഞ്ഞ മാസം 12 നാണ് എറണാകുളത്ത് ഇരുമ്പനത്തെയും, തൃശൂർ കൊരട്ടിയിലെയും എ.ടി.എമ്മുകൾ തകർത്ത് സംഘം 35 ലക്ഷം രൂപ കവർന്നത്. കോട്ടയം ജില്ലയിൽ വെമ്പള്ളിയിലെയും, മോനിപ്പള്ളിയിലെയും എ.ടി.എമ്മുകൾ തകർക്കാനും പ്രതികൾ ശ്രമിച്ചിരുന്നു.

സംഭവത്തിനു ശേഷം രക്ഷപെട്ട പ്രതികളിൽ രണ്ടു പേരെ ഹരിയാനയിലെയും, രാജസ്ഥാനിലെയും അവരുടെ ഗ്രാമത്തിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കേസിലെ പ്രധാന പ്രതികളും ഹരിയാന മേവാത്ത് സ്വദേശികളുമായ ഹനീഷ് (37), രാജസ്ഥാൻ ഭരത്പൂർ സ്വദേശി നസീം (24) എന്നിവരെയാണ് രണ്ടാഴ്‌ച മുൻപ് പൊലീസ് സംഘം ജില്ലയിലെത്തിച്ചത്. തുടർന്ന് ഇവരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കേസിൽ ഇനിയും പിടിയിലാകാനുള്ള പ്രതികൾ നേപ്പാളിലേക്ക് കടന്നതായാണ് പൊലീസ് സംഘത്തിനു ലഭിക്കുന്ന സൂചന. ഇവരുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും രാജസ്ഥാൻ, ഹരിയാന പൊലീസിന്റെ സഹായത്തോടെ ഇവരെ കണ്ടെത്തുകയുമാണ് പൊലീസിന്റെ ലക്ഷ്യം. തീഹാർ ജയിലിൽ കഴിയുന്ന പപ്പിസിംഗിനെ ചോദ്യം ചെയ്‌ത് മറ്റുള്ള പ്രതികളെപ്പറ്റി കൂടുതൽ വിവരം ശേഖരിക്കാൻ കഴിയുമെന്നും പൊലീസ് കരുതുന്നു. പപ്പിസിംഗിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയുടെ അനുമതിയോടെ കേരളത്തിലേയ്‌ക്ക് എത്തിക്കുന്നതിനു സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോട്ടയം, എറണാകുളം, തൃശൂർ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസ് അന്വേഷണം നടക്കുന്നത്. ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ തൃപ്പൂണിത്തുറ ഹിൽപ്പാലസ് സി.ഐ ഉത്തംദാസ്, കോട്ടയം ഈസ്റ്റ് എസ്.ഐ ടി.എസ് റെനീഷ് എന്നിവർ അടങ്ങുന്ന ആറംഗ പൊലീസ് സംഘമാണ് ഇന്നലെ യാത്ര തിരിച്ചത്.