quarry

തിരുവനന്തപുരം: ക്വാറികൾ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ തോട്ടങ്ങളുടെ ഇളവ് റദ്ദാക്കി മിച്ചഭൂമിയായി ഏറ്റെടുക്കാൻ സർക്കാർ നീക്കം. ഇത്തരം ക്വാറികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ശേഖരിക്കാൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ റവന്യൂ വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ചെറുതും വലുതുമായ പതിനായിരക്കണക്കിന് ഏക്കർ തോട്ടങ്ങളിലാണ് ഭൂപരിഷ്കരണ നിയമത്തിലെ ഇളവ് വ്യവസ്ഥകൾക്ക് വിരുദ്ധമായി ക്വാറികൾ പ്രവർത്തിക്കുന്നത്. ഭൂപരിഷ്കരണ നിയമപ്രകാരം ഇളവ് ലഭിച്ച തോട്ടങ്ങളിൽ ക്വാറികൾ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണെന്നും അതിനാൽ ഇത്തരം ഭൂമികൾ ഏറ്റെടുക്കാവുന്നതാണെന്നും കഴിഞ്ഞദിവസം ഹൈക്കോടതിയുടെ ഫുൾബെഞ്ച് വിധിച്ചിരുന്നു. ഈ വിധിയെ തുടർന്നാണ് ഇത്തരം ക്വാറികളുടെയും തോട്ടങ്ങളുടേയും വിവരം ശേഖരിക്കുന്നത്. സർക്കാർ അനുമതി ലഭിച്ചാൽ നിയമാനുസൃതം തോട്ടം ഉടമകൾക്ക് നോട്ടീസ് നൽകിയ ശേഷം ഇവ മിച്ചഭൂമിയായി ഏറ്രെടുക്കാൻ താലൂക്ക് ലാൻഡ് ബോർഡുകൾക്ക് കഴിയും. ഇതിനായി ആദ്യം ക്വാറികൾ പ്രവർത്തിക്കുന്ന തോട്ടങ്ങൾക്ക് നൽകിയ സീലിംഗ് കേസുകൾ ലാൻഡ് ബോർഡുകൾ പുന:പരിശോധിക്കേണ്ടിവരും. ഭൂപരിഷ്കരണ നിയമത്തിലെ സെക്‌ഷൻ 81 പ്രകാരമാണ് തോട്ടങ്ങൾക്ക് 15 ഏക്കറിൽ കൂടുതൽ ഭൂമി കൈവശം വയ്ക്കാൻ കഴിയുന്നത്. ഇളവ് ലഭിച്ച ഭൂമി തരം മാറ്രുകയാണെങ്കിൽ ഇവ മിച്ചഭൂമിയായി പ്രഖ്യാപിച്ച് സർക്കാരിന് ഏറ്രെടുക്കാൻ കഴിയും.