high-court

കൊച്ചി: ശബരിമലയിൽ നടന്നുകൊണ്ടിരിക്കുന്നത് ചിലരുടെ സ്വകാര്യ താൽപര്യങ്ങളാണെന്ന് ഹൈക്കോടതി. അത്തരം രീതികൾക്ക് മുന്നിൽ കണ്ണും കെട്ടി നോക്കിനിൽക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ശയന പ്രദക്ഷിണം നടത്താൻ അനുവദിക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശം.

ശബരിമലയിൽ എത്രയും പെട്ടെന്ന് സമാധാനാന്തരീക്ഷം തിരികെ കൊണ്ടു വരണമെന്ന് നിർദ്ദേശിച്ച കോടതി ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്‌ചത്തേക്ക് മാറ്റി. സർക്കാർ സത്യവാങ്‌മൂലം വൈകിയതിലെ അതൃപ്‌തി ഹൈക്കോടതി മറച്ചുവച്ചില്ല. പതിനൊന്നാം മണിക്കൂറിൽ സമർപ്പിച്ചാൽ എങ്ങനെ പരിശോധിക്കുമെന്ന് കോടതി ചോദിച്ചു. ഇന്ന് പരിഗണിക്കണമെങ്കിൽ ഇന്നലെ സമർപ്പിക്കേണ്ടതായിരുന്നുവെന്നും കോടതി പരിഹസിച്ചു. എന്നാൽ രേഖകൾ എടുക്കുന്നതിലുണ്ടായ കാലതാമസത്തിന് കാരണമായതെന്ന് എജി വ്യക്തമാക്കി .

ദേവസ്വം ബോർഡിന്റെ ഫണ്ട് കോടതി അനുമതിയില്ലാതെ ചെലവഴിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. ശബരിമലയിലും സന്നിധാനത്തും സേവനമനുഷ്ടിക്കുന്ന പൊലീസുകാർക്ക് വേണ്ട താമസ സൗകര്യം, ഭക്ഷണം എന്നിവ നൽകുന്നത് പൊലീസ് വകുപ്പ് തന്നെയാണെന്ന് സർക്കാർ കോടതിയിൽ വിശദമാക്കി. അതേസമയം സന്നിധാനത്തുള്ള പോലീസുകാർക്ക് ഭക്ഷണവും താമസവും നൽകാൻ തയ്യാറാണെന്ന് ദേവസ്വം ബോർഡ് കോടതിയിൽ വ്യക്തമാക്കി. 15000 പൊലീസുകാർ ശബരിമലയിൽ ഉണ്ടെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. എന്നാൽ 3000ൽ താഴെ മാത്രം പൊലീസുകാരാണ് ഇവിടെയുള്ളതെന്ന് കോടതി നിരീക്ഷിച്ചു.