ശബരിമല: ചരിത്രവും സംസ്‌കാരവും വിശ്വാസവും സംഗമിക്കുന്ന പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ ഹൃദയധമനിയായി ഒഴുകുന്ന പമ്പ ആസന്ന മൃത്യുവിന്റെ വക്കിൽ! പമ്പയെ രക്ഷിക്കാൻ തുടക്കം കുറിച്ച ആക്ഷൻ പ്ളാൻ ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും ചുവപ്പ് നാടയിൽതന്നെ. 2001 ജൂൺ 15ന് ദേശീയ നദീ സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടും സംരക്ഷണമില്ലാതെ നശിക്കുന്നു.
2002ൽ അനുവദിച്ച 319.7 കോടിയുടെ പമ്പ ആക്ഷൻ പ്ളാൻ അധികൃതരുടെ കെടുകാര്യസ്ഥത മൂലമാണ് നടപ്പാക്കാതെ പോയത്. പശ്ചിമഘട്ടത്തിലെ ശബരിമല വനാന്തരങ്ങളിൽ നിന്ന് ഉത്ഭവിച്ച് 176 കിലോമീറ്റർ സഞ്ചരിച്ച് വേമ്പനാട്ടുകായലിൽ പതിക്കുന്ന നദിയാണ് പമ്പ. മാരാമണ്ണും ചെറുകോൽപ്പുഴയും പരുമലയും പനയന്നാർകാവും ആറന്മുളയും നിരവധി ജലമേളകളും ഒക്കെ പമ്പയെ ഇപ്പോഴും വാർത്തകളിൽ നിറയ്ക്കുന്നു. കേരളത്തിന്റെ നെല്ലറയായ കുട്ടനാട് പമ്പയുടെ വരദാനമാണ്. ഇങ്ങനെ പുരാണ പ്രസിദ്ധവും കാലിക പ്രാധാന്യമുള്ളതുമായ പമ്പ അശാസ്ത്രീയ നിർമ്മിതികളും മാലിന്യപ്രവാഹവും മണൽകൊള്ളയും കൊണ്ട് മരണവക്രത്തിലായി.
നീലകൊടുവേലിയുൾപ്പെടെ പരശതം ഔഷധികളിൽ തഴുകി ഒഴുകുന്ന പമ്പയിൽ കുളിച്ചാൽ രോഗസൗഖ്യം ലഭിക്കുമെന്ന പഴയസ്ഥിതി മാറി. ഇന്ന് മുങ്ങിനിവർന്നാൽ രോഗിയായി മാറും. കോളിഫോം ബാക്ടീരിയയുടെ അളവ് 2500 ആണ്. ചിലയിടങ്ങളിൽ ഓടജലത്തിന് സമാനം. ഇവിടെ കോളിഫോം ബാക്ടീരിയയുടെ അളവ് അഞ്ചരലക്ഷമാണെന്ന് ലാബ് പരിശോധനകൾ വ്യക്തമാക്കുന്നു.
പുനരുദ്ധാരണ പദ്ധതി
പരിസ്ഥിതി സംഘടനകൾ നിരവധി നിവേദനങ്ങളും സമരങ്ങളും നടത്തി. ഒടുവിൽ പമ്പാ പരിരക്ഷണസമിതി നൽകിയ നിവേദനത്തെ തുടർന്നാണ് 2001 ജൂൺ 15ന് നദീ സംരക്ഷണ പദ്ധതിയിലേക്ക് അന്നത്തെ കേന്ദ്രമന്ത്രി ജെ.ആർ.ബാലു പമ്പയെ കൂടി ഉൾപ്പെടുത്തി വിജ്ഞാപനം ഇറക്കിയത്. 2002ൽ 319.7 കോടി രൂപയുടെ പുനരുദ്ധാരണ പദ്ധതി പ്രഖ്യാപിച്ചു.
ആദ്യഘട്ടത്തിൽ ശബരിമലയിലെ 11 മാലിന്യ നിർമ്മാർജ്ജന പദ്ധതികൾക്കായി 18.45 കോടി രൂപയുടെ പദ്ധതി അനുവദിച്ചു. ഇതിൽ 30 ശതമാനം സംസ്ഥാന സർക്കാരാണ് ചെലവഴിക്കേണ്ടത്. അന്നത്തെ എം.പി അഡ്വ.സി.എസ്.സുജാതയുടെ ശ്രമഫലമായി 2.78 കോടി രൂപ അഡ്വാൻസായി നൽകി. എന്നാൽ 11 പദ്ധതികളിൽ ശബരിമലയിൽ രണ്ട് കുളിക്കടവും മൂന്ന് ചെക്ക്ഡാമുകളും മാത്രം നിർമ്മിച്ച് പണിനിറുത്തി.
പമ്പാനദിയിലേക്ക് നീരൊഴുക്ക് എത്തുന്നതും നദീതീരത്തുള്ളതുമായ പത്തനംതിട്ട ജില്ലയിലെ 30 പഞ്ചായത്തുകളും ആലപ്പുഴയിലെ ആറ് പഞ്ചായത്തുകളും ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്ന ഭൂപ്രദേശങ്ങളിലെ മാലിന്യപ്രശ്നത്തിന് ശാശ്വതപരിഹാരവും അതുവഴി പമ്പയെ മാലിന്യമുക്തമാക്കാനുള്ള ലക്ഷ്യവും ഇതോടെ മണ്ണടിഞ്ഞു. 2009ൽ പമ്പാ റിവർ ബേസിൽ അതോറിറ്റി രൂപീകരിക്കുകയും നിയമസഭയിൽ നിയമം പാസാക്കുകയും ചെയ്തു. എന്നാൽ അതോറിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമായില്ല. പമ്പാ ആക്ഷൻ പ്ളാനിന്റെ രണ്ടാം ഘട്ടമെന്ന നിലയിൽ 1,200 കോടിയുടെ പ്രോജകട് തയ്യാറാക്കിയെന്ന് പറയപ്പെട്ടിരുന്നു. എന്നാൽ ഇത് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളിൽ ഇതുവരെ സമർപ്പിച്ചിട്ടില്ല.
പമ്പാനദി നീളം - 176 കി. മീറ്റർ
2002ൽ അനുവദിച്ചത് - 319.7 കോടി
പ്രളയത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ തകർന്ന പമ്പയിൽ തട്ടിയാണ് കേന്ദ്രവും സംസ്ഥാനവും ഇപ്പോൾ കൊമ്പുകോർക്കുന്നത്. ശബരിമല, പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി സ്വദേശി ദർശൻ പദ്ധതിയിൽ 2016 ജൂലായ് 19ന് കേന്ദ്രം 99.99 കോടി അനുവദിച്ചിരുന്നു. കക്കൂസ്, വൈദ്യുതിവത്കരണം, കുടിവെള്ളം, ലഘുഭക്ഷണം എന്നിവയാണ് പദ്ധതിയിൽ. ജൂലായ് 27ന് പദ്ധതി വിഹിതത്തിന്റെ പൂർണരൂപം കേന്ദ്രം ഉത്തരവായിറക്കി.
മണ്ഡലകാലത്തിന് മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് പമ്പ ആക്ഷൻ പ്ളാനിന്റെ ഭാഗമായി 18 കോടി രൂപ കേന്ദ്രം ആദ്യ ഗഡുവായി നൽകിയിരുന്നു. സ്വദേശി ദർശൻ പദ്ധതി പൂർണമായും കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിലാണ്. എന്നാൽ, എന്തൊക്കെ പ്രവർത്തനങ്ങൾ ചെയ്യണമെന്ന് പദ്ധതി തയ്യാറാക്കി നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. അനുവദിച്ച തുകയിൽ എത്ര ചെലവാക്കിയെന്നും എന്തൊക്കെ പ്രവർത്തനങ്ങൾ നടത്തിയെന്നും നേരിട്ട് അറിയാനാണ് എത്തിയതെന്ന് കഴിഞ്ഞദിവസം ശബരിമലയിൽ സന്ദർശനം നടത്തിയ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞിരുന്നു. അതേസമയം, 18 കോടിയിൽ 6 കോടി മാത്രമാണ് ലഭിച്ചതെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. എന്നാൽ ചെലവഴിച്ചെന്ന് പറയുന്ന ഈ തുക 2002ലെ പമ്പ പുനരുദ്ധാരണ പദ്ധതിയിൽ ഉള്ളതാണെന്നാണ് മറുവാദം.