padmatheerdham

തിരുവനന്തപുരം: കോടികൾ മുടക്കി നവീകരിച്ച പദ്മതീർത്ഥം വീണ്ടും പായൽ മൂടി. പരിസ്ഥിതി സൗഹാർദ സാങ്കേതികവിദ്യകളുടെ സഹായത്തോടെ മാലിന്യങ്ങളും പായലും നീക്കി പദ്മതീർത്ഥം പരിശുദ്ധമാക്കാൻ സംസ്ഥാന നിർമ്മിതി കേന്ദ്ര പോണ്ടിച്ചേരി ആരവല്ലി കേന്ദ്രമായ ധ്രുവംശ് എന്ന സന്നദ്ധ സംഘടനയുടെ സഹായം തേടി. കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ പദ്ധതിയുടെ ഭാഗമായി പദ്മനാഭ സ്വാമി ക്ഷേത്ര സർക്യൂട്ടിൽ നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് കുളം നവീകരിക്കുന്നത്. സർക്കാർ ഏജൻസിയായ നിർമ്മിതി കേന്ദ്രമാണ് പദ്മതീർത്ഥത്തിന്റെ നവീകരണ ജോലികൾ നിർവഹിച്ചത്. നവീകരണം 90 ശതമാനവും പൂർത്തിയായെങ്കിലും മഴയ്ക്കുശേഷം വെള്ളത്തിൽ എണ്ണപ്പായൽ മൂടുകയായിരുന്നു. നവീകരണത്തിന്റെ ഭാഗമായി നിർമ്മിതി കേന്ദ്രം കുളത്തിലെ വെള്ളം വറ്രിച്ച് പായലും ചെളിയും മാലിന്യങ്ങളും പൂർണമായും മാറ്റിയിരുന്നതാണ്. കുളത്തിന് ചുറ്റുമുള്ള ആറാട്ട് മണ്ഡപങ്ങളും കൽപ്പടവുകളും പുതുക്കിപ്പണിയുകയും ചുറ്റും അലങ്കാര വിളക്കുകൾ, നടപ്പാത , വിശ്രമ സൗകര്യം എന്നിവ സ്ഥാപിക്കുകയും ചെയ്തിരുന്നു. പല തവണ വെള്ളം പമ്പ് ചെയ്തിട്ടും പായലൊഴിഞ്ഞില്ല. കുളം ശുദ്ധമാക്കാനെത്തിച്ച മോട്ടോറുകളിൽ നിന്നാകാം എണ്ണപ്പായലെത്തിയതെന്നാണ് സംശയിക്കുന്നത്.

വെള്ളം ശുദ്ധമാകാതെ മറ്രൊരു നവീകരണത്തിലും അർത്ഥമില്ലെന്ന് മനസിലാക്കിയാണ് വെള്ളം ശുദ്ധീകരിക്കാനുള്ള പരിസ്ഥിതി സൗഹൃദ വിദ്യകൾ ആലോചിച്ചത്.ആക്കുളം കായൽ പുനരുജ്ജീവന പദ്ധതിയുടെ ചുമതലയും ഇതേ ഏജൻസിയാണ് നിർവഹിക്കുന്നത്. ഏജൻസി 25ന് പദ്മതീർത്ഥം സന്ദർശിച്ച് പായലിനെ തുരത്താനും വെള്ളം ശുദ്ധമാക്കാനുമുള്ള പോംവഴി കാണും.

തിരുവനന്തപുരം ബാർട്ടൺ ഹിൽ എൻജിനിയറിംഗ് കോളേജിലെ ട്രാൻസിഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ് സെന്റർ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് കായൽ നവീകരിക്കുന്നത്. കായലിന് മുൻഗണന നൽകുന്ന അതേ പദ്ധതി പദ്മതീർത്ഥത്തിൽ പ്രായോഗികമല്ല. പദ്മതീർത്ഥത്തിലെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിച്ചശേഷം ക്ഷേത്രക്കുളമെന്ന നിലയിൽ സങ്കൽപ്പങ്ങൾക്കും വിശ്വാസങ്ങൾക്കും ഭംഗം വരാത്തവിധത്തിലുള്ള പരിസ്ഥിതി സൗഹൃദ പദ്ധതിയായിരിക്കും ആവിഷ്‌കരിക്കുക. വെള്ളത്തിൽ ഓക്സിജന്റെ സാന്നിദ്ധ്യം ഉറപ്പാക്കാനും പായലുകളും ഫംഗസുകളും പെരുകാതിരിക്കാൻ ഉപരിതലത്തിൽ ഓളങ്ങളുണ്ടാക്കാനും സൂര്യപ്രകാശത്തിന്റെ ലഭ്യത ഉറപ്പാക്കാനും സംവിധാനമുണ്ടാകും.

കുളത്തിൽ സസ്യഭുക്കുകളായ മത്സ്യങ്ങൾ മാത്രം

പദ്മതീർത്ഥത്തിലെ വെള്ളം പൂർണമായും ശുദ്ധമാണെന്ന് ഉറപ്പാക്കിയശേഷമേ മിത്രാനന്ദപുരം കുളത്തിൽ സൂക്ഷിച്ചിട്ടുള്ള മത്സ്യങ്ങളെ തിരികെ നിക്ഷേപിക്കൂ. സസ്യഭോജികളായ മത്സ്യത്തെ മാത്രം നിക്ഷേപിച്ചാൽ മതിയെന്നാണ് തീരുമാനം.പരസ്പരം പിടിച്ചുതിന്നുന്ന മത്സ്യങ്ങളെ നിക്ഷേപിച്ചാൽ അതിന്റെ അവശിഷ്ടങ്ങൾ പദ്മതീർത്ഥം മലിനമാക്കാൻ ഇടയാക്കുമെന്നതാണ് കാരണം.