ബംഗളൂരു: മന്ത്രി മാത്യു ടി. തോമസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്ന് തന്നെ ജെ.ഡി.എസ് കേന്ദ്ര നേതൃത്വം കത്ത് നൽകിയേക്കും. രണ്ടര വർഷം കഴിഞ്ഞ് മന്ത്രി മാറുമെന്ന് ധാരണയുണ്ടായിരുന്നതായി ജെ.ഡി.എസ് ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി ദേവഗൗഡ പറഞ്ഞു.
എച്ച്.ഡി ദേവഗൗഡ കേരള നേതാക്കളുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് തീരുമാനം. ജെ.ഡി.എസ് സംസ്ഥാന അദ്ധ്യക്ഷൻ കെ.കൃഷ്‌ണൻകുട്ടി, സി.കെ നാണു എം.എൽ.എ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മാത്യു ടി.തോമസിനെ ചർച്ചക്ക് വിളിച്ചിരുന്നു. എന്നാൽ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച കൃഷ്‌ണൻകുട്ടിക്കൊപ്പം ചർച്ചയിൽ പങ്കെടുക്കാനാകില്ല എന്ന് മാത്യു ടി. തോമസ് അറിയിച്ചു.
മന്ത്രിയെ മാറ്റുമെന്നാണ് പ്രതീക്ഷയെന്ന് സി.കെ നാണു എം.എൽ.എ പറഞ്ഞു. മന്ത്രിയെ മാറ്റണമെന്നാണ് പാർട്ടിക്കുള്ളിലെ ഭൂരിപക്ഷ അഭിപ്രായമെന്ന് ജെ.ഡി.എസിലെ കൃഷ്‌ണൻകുട്ടി വിഭാഗം ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. കെ. കൃഷ്‌ണൻകുട്ടിയെ മന്ത്രിയാക്കണമെന്നാണ് ജെ.ഡി.എസ് സംസ്ഥാന യോഗത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച കത്ത് എച്ച്.ഡി. ദേവഗൗഡക്ക് ലഭിച്ചിരുന്നു.