army

അനന്ത്നാഗ്: ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനയും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു. അനന്ത്നാഗ് ബിജ്ഭേരയിലെ സെഖിപോര മേഖലയിലാണ് ഏറ്റുമുട്ടൽ. തീവ്രവാദികൾ സെഖിപോര മേഖലയിൽ ഒളിച്ചിരിപ്പുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇന്ത്യൻ സൈന്യത്തിലെ രാഷ്ട്രീയ റൈഫിൾസും കാശ്മീർ പൊലീസും സംയുക്തമായാണ് ഒാപ്പറേഷൻ നടത്തുന്നത്. കാശ്മീർ താഴ്വരയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി നുഴഞ്ഞു കയറ്റങ്ങൾ നടക്കുന്നുണ്ട്. കാശ്മീരിലെ കുൽഗാം ജില്ലയിൽ തീവ്രവാദികളും അതിർത്തി രക്ഷാസേനയും തമ്മിൽ വ്യാഴാഴ്ച നടന്ന വെടിവയ്പ്പിൽ ഒരു സിവിലിയന് പരിക്കേറ്റിരുന്നു. തീവ്രവാദികൾ ഖുദ് വാനിയിലെ സൈനിക ക്യാമ്പിന് നേരെ ആക്രമണം അഴിച്ച് വിട്ടിരുന്നു. നേരത്തേ ഷോപ്പിയാൻ ജില്ലയിലെ നാദിഗാം ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ സേന നാലു തീവ്രവാദികളെയാണ് വധിച്ചത്.