rahul-gandhi

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ പ്രചാരണത്തിന് യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിയും ഇന്നെത്തും. മെദ്ചൽ മണ്ഡലത്തിൽ ഇന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ സോണിയാ ഗാന്ധി പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളിൽ സോണിയ പങ്കെടുക്കുന്ന ആദ്യ പരിപാടിയാണിത്. മെദ്ചൽ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ലക്ഷ്മ റെഡ്ഡിക്കെതിരെ സി.ബി.ഐ ഡിഐജി മനീഷ് കുമാർ സിൻഹ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ കൈക്കൂലി ആരോപണമുന്നയിച്ചിരുന്നു. അതേസമയം, അഴിമതിക്കാരന് വോട്ടുപിടിക്കാൻ സോണിയ എത്തുന്നുവെന്ന ആരോപണവുമായി ടി.ആർ.എസ് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, തെലങ്കാനയിൽ ടിആർഎസിൽ നിന്ന് നേതാക്കളെ ചാടിക്കാനുള്ള അണിയറ നീക്കങ്ങൾ കോൺഗ്രസ് സജീവമാക്കി. വിശ്വേശ്വർ റെഡ്ഡിക്കു പിന്നാലെ കൂടുതൽ നേതാക്കളെ പാർട്ടിയിലെത്തിക്കുന്നതിനുള്ള രഹസ്യ ചർച്ചകൾ ആരംഭിച്ചു. നീക്കങ്ങൾക്ക് ദേശീയ നേതൃത്വത്തിന്റെ പിന്തുണയുണ്ട്. സ്വാധീനമുള്ള നേതാക്കളെ കണ്ടെത്തി, പ്രാദേശികതലത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. അതേസമയം, സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് ചില മണ്ഡലങ്ങളിൽ വിമതർ രംഗത്തുവന്നതു പാർട്ടിയെ ആശങ്കപ്പെടുത്തുന്നുണ്ട്.