തിരുവനന്തപുരം: യുവതീ പ്രവേശനം തടയാനുള്ള പ്രക്ഷോഭങ്ങളുടെ മറവിൽ, തീർത്ഥാടകരുടെ വേഷത്തിൽ ക്രിമിനലുകളും സാമൂഹ്യവിരുദ്ധരും തമ്പടിക്കാനിടയുള്ളതിനാൽ ക്രമസമാധാനം ഉറപ്പാക്കാൻ നിരോധനാജ്ഞ നീട്ടുകയല്ലാതെ വേറെവഴിയില്ലെന്ന് പൊലീസ്. ഇതേ തുടർന്നാണ് നിരോധനാജ്ഞ നാല് ദിവസത്തേക്കുകൂടി നീട്ടിയത്. അക്രമം ലക്ഷ്യമിട്ട് ചെറുസംഘങ്ങൾ എത്തുമെന്നും അതീവജാഗ്രത വേണമെന്നുമാണ് ഇന്റലിജൻസ് മുന്നറിയിപ്പ്. തീർത്ഥാടകരെ ദ്രോഹിക്കണമെന്ന് പ്രതിഷേധക്കാർക്ക് ആഗ്രഹമുണ്ടാവില്ലെങ്കിലും സാഹചര്യം ചൂഷണംചെയ്ത് സമാധാനാന്തരീക്ഷം തകർക്കുകയെന്ന ലക്ഷ്യമുണ്ടെന്നും ഡി.ജി.പി ലോക്നാഥ്ബെഹറ മുഖ്യമന്ത്രിയെ അറിയിച്ചു. നിരോധനാജ്ഞയിൽ ഇളവു നൽകിയാൽ പൊലീസിന്റെ സുരക്ഷാപദ്ധതിപൊളിയും. സംശയമുള്ളവരെ കസ്റ്റഡിയിലെടുക്കാനും കരുതൽ തടങ്കലിലാക്കാനും വേറെ വകുപ്പുകൾ പ്രയോഗിക്കാനാവില്ല.
അന്യസംസ്ഥാനങ്ങളിൽനിന്ന് കേഡർമാരെ പ്രതിഷേധത്തിനെത്തിക്കുമെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്റെ മുന്നറിയിപ്പുണ്ട്. ഇവരെ തിരിച്ചറിയാനോ കസ്റ്റഡിയിലെടുക്കാനോ എളുപ്പമല്ല. നടപ്പന്തൽ,സോപാനം,വടക്കേനട, ഫ്ലൈഓവർ, പതിനെട്ടാംപടി എന്നിവ അതിസുരക്ഷാമേഖലയാക്കിയാലേ ക്രമസമാധാനനില ഉറപ്പാക്കാനാവൂ. വഴിതടയൽ, പ്രകടനം, പ്രതിഷേധം,ധർണ എന്നിവ അനുവദിച്ചാൽ അത് അക്രമത്തിലേക്ക് വഴിമാറും. ഒരേവേഷം ധരിച്ചെത്തുന്ന ഭക്തർക്കിടയിൽ മാവോയിസ്റ്റുകളും ഭീകരരും കടന്നുകൂടിയാൽ തിരിച്ചറിയാനാവില്ല. സന്നിധാനത്തും കാനനപാതയിലും നിയന്ത്രണങ്ങളേർപ്പെടുത്തുന്നത് 144-ാം വകുപ്പിന്റെ ബലത്തിലാണ്. നടപ്പന്തലും സന്നിധാനവും പ്രതിഷേധക്കാർ കൈയടക്കിയാൽ ഒഴിപ്പിച്ചെടുക്കുക ദുഷ്‌കരമാണ്. നിരോധനാജ്ഞയ്ക്ക് നാല് കാരണങ്ങൾ
1. സുരക്ഷാഭീഷണി
രാജ്യത്ത് ഏറ്റവുമധികം സുരക്ഷാഭീഷണയുള്ള ക്ഷേത്രങ്ങളുടെ പട്ടികയിലുള്ള ശബരിമലയിൽ, ഭൂപ്രകൃതിയിലെ പ്രത്യേകത കാരണം പൊലീസ് നടപടി പ്രായോഗികമല്ല. അതിനുള്ള സാഹചര്യം ഒഴിവാക്കുന്നതാണ് നല്ലത്. സംശയമുള്ളവരെ കസ്റ്റഡിയിലെടുക്കുന്നതും ഫേസ്ഡിറ്റക്ഷൻ സോഫ്‌റ്റ്‌വെയറുപയോഗിച്ച് പശ്ചാത്തലം പരിശോധിക്കുന്നതും തുടർന്നേപറ്റൂ.
2. യുവതീ പ്രവേശനം
പൊലീസിന്റെ പോർട്ടലിലൂടെ ദർശനസമയം മുൻകൂട്ടി ബുക്കുചെയ്ത യുവതികളെത്തിയാൽ സുരക്ഷ
യൊരുക്കേണ്ടിവരും. 900യുവതികളുടെ ബുക്കിംഗുണ്ട്. സാമൂഹ്യവിരുദ്ധർ യുവതീ പ്രവേശന പ്രതിഷേധക്കാരെ കരുവാക്കുമെന്ന് ദേവസ്വം ബോർഡിന്റെ മുന്നറിയിപ്പുണ്ട്. സുരക്ഷ ആവശ്യപ്പെട്ട രണ്ടുഡസനോളം യുവതികളോട് കാത്തിരിക്കാൻ പൊലീസ് നിർദ്ദേശിച്ചിരിക്കുകയാണ്. സുരക്ഷയുടെപേരിൽ ദർശനംതടഞ്ഞാൽ കോടതിയലക്ഷ്യമാവും. വേഷംമാറി ദർശനത്തിനെത്തുമെന്ന് തൃപ്‌തിദേശായിയുടെ മുന്നറിയിപ്പുണ്ട്.
3. ഭൂപ്രകൃതി
1575അടി ഉയരത്തിലുള്ള സന്നിധാനത്ത് സുരക്ഷയ്ക്കായി നിയന്ത്രണങ്ങൾ അത്യാവശ്യം. പ്രതിഷേധക്കാർ പൊലീസിനെ വെട്ടിച്ച് പുല്ലുമേട്ടിലൂടെയും കാട്ടുപാതകളിലൂടെയുമെത്തിയേക്കാം. വിശാലമായ വനമേഖല ഒന്നാകെ സീൽചെയ്യുന്നതും വന്യമൃഗങ്ങളുള്ള വനത്തിൽ തുടർച്ചയായ പരിശോധനയും അസാദ്ധ്യം.
4. മനോവീര്യം
എ.ഡി.ജി.പി അനിൽകാന്ത്, ഐ.ജി വിജയ്സാക്കറെ, എസ്.പിമാരായ യതീഷ്‌ചന്ദ്ര, പ്രതീഷ്‌കുമാർ, ഹരിശങ്കർ എന്നിവർക്കെല്ലാം സുരക്ഷാഭീഷണിയുണ്ട്. ഇവരുടെ ഉത്തരേന്ത്യയിലെ വീടുകളിലേക്ക് പ്രതിഷേധമാർച്ചുണ്ടായി. ഇന്നലെ ഹരിശങ്കറിന്റെ തിരുവനന്തപുരത്തെ വീട് വളഞ്ഞു.
ഗുരുതരഭീഷണിയുണ്ടായതിനെത്തുടർന്ന് പ്രതീഷ്‌കുമാറിന്റെ കുടുംബത്തിന് സംരക്ഷണംനൽകാൻ ഉത്തർപ്രദേശ് ഡി.ജി.പിയോട് ആവശ്യപ്പെട്ടു. 144വകുപ്പ് പിൻവലിച്ചാൽ ഉദ്യോഗസ്ഥർക്ക് ശക്തമായ നടപടികളെടുക്കാനാവില്ല.
''അഞ്ചുംപത്തുംപേരുള്ള ചില സംഘങ്ങൾ സാഹചര്യംനോക്കി ശബരിമലയിലെത്താൻ കാത്തുനിൽക്കുന്നു. ഇതിൽ കൊലക്കേസ് പ്രതികളുമുണ്ട്. അക്രമസാദ്ധ്യത തള്ളിക്കളയാനാവില്ല. ഇവരെ നേരിടാൻ 144-ാംവകുപ്പ് കൂടിയേതീരൂ.'' മുഖ്യമന്ത്രിയുടെ ഓഫീസ് '' ക്രമസമാധാനം നിയന്ത്രണത്തിലാണ്. ആശങ്കപ്പെടേണ്ടതില്ല. കൂടുതൽ ഐ.പി.എസുകാരെ അയയ്ക്കേണ്ട സാഹചര്യമില്ല. നിലവിലെ പൊലീസ് വിന്യാസംതുടരും.''
ലോക്നാഥ് ബെഹറ, പൊലീസ് മേധാവി