ശരീരം ആരോഗ്യസമ്പുഷ്ടവും സൗന്ദര്യ പൂർണവുമായി സൂക്ഷിക്കുന്ന സിനിമാ താരങ്ങളിൽ ഒന്നാം സ്ഥാനക്കാരിയാണ് ശിൽപ്പ ഷെട്ടി. തനിക്കുള്ള അറിവ് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിലും ശിൽപ്പ വളരെ തത്പരയാണ്. പരിശീലനം ഒരാളെ പൂർണനാക്കുന്നു എന്ന ചൊല്ലിന് ഉദാഹരണമാണ് ശിൽപ. ചെയ്യാൻ അൽപം പ്രയാസമുള്ള ഏകപാദ രാജകപോതാസനം എന്ന യോഗ ചെയ്യുന്നതിന്റെ വിഡിയോ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. 'ആദ്യമായി ചെയ്തപ്പോൾ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. തുടയുടെ മുൻഭാഗത്തെ പേശികൾ സ്ട്രെച്ച് ചെയ്യുകയും കാൽമുട്ടിൽ നിൽക്കുകയും ഒരേസമയം ബാലൻസ് ചെയ്ത് ചെയ്യണമായിരുന്നു. എന്നാൽ തുടർച്ചയായ പരിശീലനവും ക്ഷമയും കൊണ്ട് ഇപ്പോൾ വലിയ പരിശ്രമം കൂടാതെ എനിക്കതു ചെയ്യാൻ സാധിക്കുന്നു. അസാധ്യമായത് ഒന്നുമില്ല എന്ന് ഒരിക്കൽക്കൂടി തെളിയുന്നു. ശ്രദ്ധ, പരിശ്രമം, അച്ചടക്കം ഇവ നിലനിർത്തിയാൽ മാത്രം മതി" എന്നാണ് താരം പറയുന്നത്.