bjp-minister

റായ്പൂർ: പോളിംഗ് ബൂത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ മന്ത്രി പൂജ നടത്തിയത് വിവാദമായി .ഛത്തീസ്ഗഡ് മന്ത്രി ദയാൽദാസ് ബാഗ്‌ഹെലാണ് പുലിവാൽ പിടിച്ചത്. ഇദ്ദേഹം ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ റിട്ടേണിംഗ് ഓഫീസർ ദയാൽദാസിൽ നിന്ന് വിശദീകരണം ചോദിച്ചിട്ടുണ്ട്.


ബെമേതാര ജില്ലയിലെ നവാഗഡിലെ ബൂത്തിലാണ് വോട്ടിംഗ് തുടങ്ങുന്നതിന് തൊട്ടുമുൻപ് മന്ത്രി പൂജ നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പൂജിച്ച തേങ്ങയുമായി ബൂത്തിനുള്ളിൽ കടന്ന മന്ത്രി മന്ത്രം ജപിച്ചുകൊണ്ട് വോട്ടിംഗ് മെഷീനടുത്തുപോകുന്നതും തുടർന്ന് തേങ്ങ ബൂത്തിന്റെ കവാടത്തിൽ ഉടയ്ക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. മന്ത്രിക്കൊപ്പം അനുയായികളെന്ന് തോന്നുന്ന ചിലരുമുണ്ട്.

മന്ത്രിയുടെ പ്രവൃത്തിയെ കടുത്ത ഭാഷയിലാണ് പ്രതിപക്ഷം വിമർശിക്കുന്നത്. ജനാധിപത്യത്തിൽ സാധാരണ ജനങ്ങളെയും വോട്ടർമാരെയുമാണ് നേതാക്കൾ പൂജിക്കേണ്ടത്. ജനങ്ങൾക്കുവേണ്ടി സർക്കാരും മന്ത്രിമാരും ഒന്നും ചെയ്തിട്ടില്ല. അതിനാൽ ജനങ്ങൾ എതിർക്കുമോ എന്ന് ഭയമാണ്. വോട്ടെടുപ്പ് ദിവസം മെഷീൻ പൂജിച്ചതുകൊണ്ട് കാര്യമില്ലെന്നും അവർ പറയുന്നു. കഴിഞ്ഞദിവസമായിരുന്നു ഛത്തീസ്ഗഡിലെ രണ്ടാഘട്ട വോട്ടെടുപ്പ്.