ജക്കാർത്ത : ബസിലും ട്രെയിനിലുമൊക്കെ ഓടിക്കറയുന്നവർ നിരവധിയാണ്. എന്നാൽ വിമാനത്തിൽ ഓടിക്കയറുന്നവരെകണ്ടിട്ടുണ്ടോ?. പുറപ്പെടാനൊരുങ്ങിയ വിമാനത്തിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ മറികടന്ന് ഓടിക്കയറാൻ ശ്രമിക്കുന്ന യുവതിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം.ഇൻഡോനേഷ്യയിൽ ബാലിയിലെ ഗുറാഹ് വിമാനത്താവളത്തിലാണ് ഈ അപൂർവ സംഭവം നടന്നത്. ഹന എന്ന യാത്രക്കാരിയാണ് സംഭവത്തിലെ നായിക.
ബാലിയിൽ നിന്ന് ജക്കാർത്തയിലേക്ക് പാേകാനാണ് ഹന ടിക്കറ്റെടുത്തത്. കൃത്യസമയത്തുതന്നെ വിമാനം പുറപ്പെടുമെന്ന് പലതവണ അറിയിപ്പുനൽകി. ഹനയൊഴികെ മറ്റ് യാത്രക്കാരെല്ലാം വിമാനത്തിൽ കയറി.ഹനമാത്രം എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ ബോർഡിംഗ് ഗേറ്റിൽ അവരുടെ പേര് പലതവണ വിളിച്ചുപറഞ്ഞു. പ്രതികരണമുണ്ടാകാത്തതിനാൽ ഇവർ യാത്ര ഉപേഷിച്ചു എന്നുകരുതി കൃത്യസമയത്തുതന്നെ വിമാനം പുറപ്പെടാനൊരുങ്ങി.
ഈ സമയത്തായിരുന്നു ഓടിക്കിതച്ച് ഹനയുടെ വരവ്. ടിക്കറ്റ് പരിശോധിച്ച് ഉദ്യോഗസ്ഥർ അവരെ വിമാനത്താവളത്തിനുള്ളിലേക്ക് കടത്തിവിട്ടു. ബോർഡിംഗ് ഗേറ്റിൽ എത്തിയപ്പോഴാണ് വിമാനം പുറപ്പെടാൻ തയ്യാറെടുക്കുന്ന വിവരം അറിഞ്ഞത്. ഉടൻ മറ്റൊന്നുമാലോചിക്കാതെ സെക്യൂരിറ്റിക്കാരെ തള്ളിമാറ്റി ഹന റൺവേയിലേക്ക് ഓടി. തൊട്ടുപുറകേ സെക്യൂരിറ്റിക്കാരും. വിമാനത്തിന് തൊട്ടുടുത്തുവരെ എത്തിയ ഹനയെ ഓടിയെത്തിയ സെക്യൂരിറ്റിക്കാർ ബലമായി പിടിച്ചുമാറ്റുകയായിരുന്നു.