jds

ബംഗളൂരു: അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു കൊണ്ട് മന്ത്രി മാത്യു. ടി.തോമസ് പുറത്തേക്ക്. സംസ്ഥാന അദ്ധ്യക്ഷനും ചിറ്റൂർ എം.എൽ.എയുമായ കെ.കൃഷ്‌ണൻ കുട്ടിയെ മന്ത്രിയാക്കാൻ ജെ.ഡി.എസിൽ തീരുമാനം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയ്‌ക്ക് ഉടൻ കത്തുനൽകുമെന്ന് ജെ.ഡി.എസ് ദേശീയ ജനറൽ സെക്രട്ടറി ഡാനിഷ് അലി വ്യക്തമാക്കി.

ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിച്ച് മന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് മാത്യു. ടി.തോമസ് അറിയിച്ചതായി ഡാനിഷ് അലി വ്യക്തമാക്കി. പാർട്ടിയിൽ ഭിന്നസ്വരങ്ങൾ ഉണ്ടാകുമെങ്കിലും ജെ.ഡി.എസ് ഒരിക്കലും പിളർപ്പിലേക്ക് പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. 2016ലെ ധാരണയനുസരിച്ചാണ് മാറ്റം. പാർട്ടി പറഞ്ഞപ്പോൾ മുമ്പും മാത്യു. ടി.തോമസ് മാറി നിന്നിട്ടുണ്ടെന്ന് ഡാനിഷ് അലി വ്യക്തമാക്കി.

മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബംഗളൂരുവിലെത്ത് തന്നെ കാണാൻ ദേവഗൗഡ സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം.പരസ്യമായി പ്രതിഷേധിക്കരുതെന്ന് മാത്യു ടി.തോമസിനോട് നേതൃത്വം അഭ്യർത്ഥിച്ചതായാണ് സൂചന.

തനിക്കും കുടുംബത്തിനുമെതിരെ സമീപകാലത്തുണ്ടായ ചില ആരോപണങ്ങൾ മന്ത്രിസ്ഥാനം ലക്ഷ്യമിട്ടുള്ള നീക്കങ്ങളായിരുന്നെന്ന ആരോപണം മാത്യു ടി.തോമസ് ഉന്നയിച്ചിരുന്നു. മന്ത്രിവസതിയിലെ ഒരു മുൻജീവനക്കാരിയെ ഇതിനായി എതിർചേരി ആയുധമാക്കിയെന്ന പരാതി അദ്ദേഹം കേന്ദ്രനേതൃത്വത്തെ ധരിപ്പിക്കുകയും ചെയ്‌തു. ഇതു സംബന്ധിച്ച കേസ് കോടതിയിലാണ്.