തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി ജോസഫ് എന്ന ചിത്രം തിയേറ്ററുകൾ കീഴടക്കുമ്പോൾ ആത്മീയ രാജനും വളരെ സന്തോഷത്തിലാണ്. ചിത്രത്തിലെ പ്രമേയത്തിനൊപ്പം താൻ അവതരിപ്പിച്ച സൂസൻ എന്ന കഥാപാത്രവും ശ്രദ്ധനേടിയതിന്റെ ത്രില്ല് ആത്മീയയുടെ ഓരോ വാക്കിലും പ്രകടമാണ്. പിന്നിട്ടുവന്ന സിനിമാ വഴികളെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും ആത്മീയ സംസാരിക്കുകയാണ് ...
ആദ്യം ജോസഫല്ല
ജോസഫ് എന്റെ നാലാമത്തെ സിനിമയാണ്. മനംകൊത്തി പറവൈ എന്ന തമിഴ് സിനിമയായിരുന്നു ആദ്യത്തേത്. 2012ലാണ് അത് റിലീസ് ചെയ്തത്. ശിവകാർത്തികേയൻ നായകനായ ചിത്രം 100 ദിവസത്തിലേറെ ഓടി സൂപ്പർഹിറ്റായിരുന്നു. പക്ഷേ, വളരെ വലിയൊരു ഇടവേളയ്ക്കുശേഷമാണ് 'റോസ് ഗിറ്റാറിനാൽ" എന്ന ചിത്രം ചെയ്യുന്നത്. പിന്നീട് അമീബ. ഇപ്പോൾ ഇതാ ജോസഫ്. വേറെ ഒന്നുരണ്ടു പ്രൊജക്ടുകളൊക്കെ വന്നിട്ടുണ്ട്. ഒന്നും തീരുമാനമായിട്ടില്ല.
സിനിമയിലേക്ക്
സെവൻ ആർട്സ് മോഹൻ അങ്കിൾ ഞങ്ങളുടെ നാട്ടുകാരനാണ്. കണ്ണൂർ തളിപ്പറമ്പ്. ഇതിനുമുമ്പും കുറച്ചു മലയാളം സിനിമകൾക്കൊക്കെയായിട്ട് മോഹൻ അങ്കിൾ വിളിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, പഠനംകാരണം അതൊക്കെ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അദ്ദേഹമാണ് മാനേജർ വിവേകിനെ പരിചയപ്പെടുത്തുന്നത്. മനംകൊത്തി പറവൈയുടെ പ്രവർത്തകർ കൊച്ചിയിൽ ലൊക്കേഷൻ കാണാൻ വന്നപ്പോൾ വിവേകാണ് എന്റെ ഫോട്ടോ കാണിച്ചുകൊടുത്തത്. പിന്നെയെല്ലാം പെട്ടെന്നായിരുന്നു.
സത്യായിട്ടും ഇൻജെക്ഷൻ വയ്ക്കാൻ പോലുമറിയില്ല
നഴ്സിംഗ് ആണ് പഠിച്ചത്. മംഗലാപുരം ശ്രീദേവി നഴ്സിംഗ് കോളേജിലായിരുന്നു. സിനിമയായിരുന്നു പണ്ടുമുതലേയുള്ള സ്വപ്നം. അമ്മയുടെ നിർബന്ധം കാരണമാണ് നഴ്സിംഗിന് പോയത്. പക്ഷേ, സത്യം പറയാമല്ലോ, ഇപ്പോഴും എനിക്കൊരു ഇൻജെക്ഷൻ വയ്ക്കാൻ പോലും അറിയില്ല.
ഇതൊക്കെ പഠിക്കുന്നതേയുള്ളൂ
ആദ്യസിനിമ വിജയമായിരുന്നിട്ടുകൂടി എനിക്കതിന്റെ സാദ്ധ്യതകളൊന്നും പ്രയോജനപ്പെടുത്താൻ അറിയില്ലായിരുന്നു. സാധാരണ കുടുംബമാണ്. സ്വാഭാവികമായിട്ടും സിനിമയിൽ എങ്ങനെ പെരുമാറണമെന്നോ സിനിമാലോകത്ത് നമ്മളെ എങ്ങനെ ബ്രാൻഡ് ചെയ്യാമെന്നോ ഒന്നും എനിക്കറിയില്ലായിരുന്നു. ഇങ്ങനെ ചെയ്യണം, അങ്ങനെ വേണം എന്നൊന്നും പറഞ്ഞുതരാനും ആരുമുണ്ടായിരുന്നില്ല. ഇപ്പോ കുറേയൊക്കെ കാര്യങ്ങൾ തനിയെ പഠിക്കുകയാണ്.
എല്ലാവരും കരുതിയത് തിരിച്ചാണ്
മനംകൊത്തി പറവൈ വിജയമായപ്പോൾ കൂടെപ്പഠിക്കുന്നവരൊക്കെ കരുതിയത്, ഞാൻ ഇനി സിനിമയിൽ സജീവമാകും എന്നാണ്. പക്ഷേ, വലിയ ഇടവേളയെടുത്തപ്പോൾ അവർ കരുതി, ഞാൻ സിനിമയൊക്കെ വിട്ടെന്ന്. പക്ഷേ, ജോസഫിലൂടെ വീണ്ടും കണ്ടപ്പോൾ എല്ലാവർക്കും ഭയങ്കര സന്തോഷമായിരുന്നു. എല്ലാവരും വിളിക്കും. ഇവിടെയൊക്കെ തിയേറ്റർ ഫുൾ ആണ്.
സിനിമയെനിക്ക് ഭയങ്കര ഇഷ്ടം
പണ്ടും സിനിമ ചെയ്യണമെന്നൊക്കെ തന്നെയായിരുന്നു ആഗ്രഹമെങ്കിലും ഇപ്പോൾ കുറച്ചുകൂടി ആത്മാർത്ഥമായിട്ട് അത് ചെയ്യാൻ കഴിയുന്നുണ്ടെന്നാണ് തോന്നുന്നത്. കാരണം, ഓരോതവണയും എനിക്ക് സിനിമയോടുള്ള ഇഷ്ടം കൂടിവരികയാണ്. സിനിമയെക്കുറിച്ച് ആധികാരികമായിട്ട് അറിഞ്ഞിട്ടൊന്നുമല്ല, എന്നാലും അതിഭയങ്കരമായ ഒരിഷ്ടം സിനിമയോടുണ്ട് എന്നുള്ളതാണ് സത്യം.
അച്ഛന് ലേശം അഭിനയമൊക്കെയുണ്ടായിരുന്നു
സിനിമാപാരമ്പര്യമുള്ള വീടൊന്നുമല്ല ഞങ്ങളുടേത്. പക്ഷേ, അച്ഛന് ഞാൻ അഭിനയിക്കുന്നതിനോട് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. ചില അമച്വർ നാടകങ്ങളിലൊക്കെ അച്ഛൻ അഭിനയിച്ചിട്ടുണ്ട് പണ്ട്. അതാണ് എന്റെ ഏകയുള്ള അഭിനയപാരമ്പര്യം. അമ്മയ്ക്ക് ചെറിയ എതിർപ്പുണ്ടായിരുന്നു ആദ്യം. ഇപ്പോ അതൊക്കെ മാറി. സ്കൂളിലും ഞാൻ സ്കിറ്റിലൊക്കെ വേഷമിട്ടിട്ടുണ്ട് എന്നേയുള്ളൂ.
പ്രണയമോ....
പ്രണയിക്കാനൊക്കെ എനിക്ക് ഇഷ്ടമാണ്.
ഇതാണെന്റെ സ്വർഗം
അച്ഛൻ രാജൻ ദീർഘകാലം വിദേശത്തായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. അമ്മ പദ്മിനി ഞങ്ങളുടെയൊക്കെ കാര്യങ്ങൾ നോക്കുന്നു. രണ്ടു ചേച്ചിമാർ ഉണ്ട്. ആതിര, അമ്പിളി. അവരൊക്കെ വിവാഹം കഴിച്ച് കുട്ടികളൊക്കെയായിട്ട് ജീവിക്കുന്നു.
കാതുപോലും ഇപ്പഴാ കുത്തുന്നെ
അങ്ങനെ ഒരുങ്ങി നടക്കാനോ ഭയങ്കര ഡ്രസിംഗ് സെൻസോ ഒന്നുമുള്ള ആളേയല്ല ഞാൻ. കാതുപോലും കുത്തുന്നത് മനംകൊത്തിപ്പറവൈയ്ക്കുവേണ്ടിയാണ്. മൂത്തത് രണ്ടു പെൺകുട്ടികളായിരുന്നതുകൊണ്ട്, കാതുകുത്താതെ, മുടിവളർത്താതെ എന്നെ ഏകദേശം ആൺകുട്ടികളെപ്പോലെയൊക്കെയാണ് വളർത്തിയത്.
ഹോബീന്നൊക്കെ പറഞ്ഞാൽ...
ഡാൻസ് ഞാൻ പഠിച്ചിട്ടില്ല. സ്കൂളിൽ ഗ്രൂപ്പ് ഡാൻസിനൊക്കെ ഏറ്റവും പിറകിലൊക്കെ നിർത്തുന്ന ഫില്ലറൊക്കെയായിരുന്നു. (ചിരി). പിന്നെ, ഒറ്റയ്ക്കിരിക്കുമ്പോൾ പാട്ടും പാടും. വളരെ വലിയ മൂഡ് സ്വിംഗിംഗ് ഉണ്ട്. ചിലപ്പോ കട്ടശോകമാകും സീൻ. ചിലപ്പോൾ ഭയങ്കര ഹാപ്പിയായിട്ടും. പിന്നെ ഭക്ഷണമൊക്കെ വിശപ്പിന് മാത്രമേ കഴിക്കൂ. അതിനോടും വലിയ ആക്രാന്തമൊന്നുമില്ല.