കൊച്ചി: ശബരിമല ദർശനം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഏതാനും യുവതികൾ സമർപ്പിച്ച ഹർജി കോടതി പരിഗണിക്കുന്നു. നാല് യുവതികളാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ദർശനം നടത്താൻ തയ്യാറാകുന്നവരുടെ ജീവന് വരെ ഭീഷണിയുണ്ട്. ഭീഷണി കാരണം ജോലി വരെ പോകുന്ന അവസ്ഥയുണ്ടായി. രണ്ട് ദിവസം യുവതികൾക്കായി മാത്രം ദർശനം നടത്താനായി മാറ്റി വയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
അതേ സമയം യുവതീ പ്രവേശനത്തിൽ എന്ത് ചെയ്തെന്ന് കോടതി ദേവസ്വം ബോർഡിനോട് ചോദിച്ചു. വിധി നടപ്പാക്കാൻ എത്ര സമയം വേണം. യുവതീ പ്രവേശനം സാധ്യമാക്കാൻ എന്തൊക്കെ സൗകര്യങ്ങൾ ഒരുക്കി. എന്ത് ചെയ്യാനാണ് ബോർഡിന്റെ ഉദ്ദേശമെന്നും കോടതി ചോദിച്ചു. രണ്ട് ദിവസം യുവതീ പ്രവേശനത്തിനായി മാറ്രി വയ്ക്കണമെന്നാണ് സർക്കാരിന്റെ പക്ഷം എന്ന് സ്റ്റേറ്റ് അറ്രോർണി കോടതിയെ അറിയിച്ചു. യുവതീ പ്രവേശനത്തിൽ എന്തൊക്കെ ക്രമീകരണങ്ങൾ ഒരുക്കാനാകുമെന്ന് സർക്കാർ ഒരാഴ്‌ചയ്ക്കുള്ളിൽ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.