പനാജി : ഇന്ത്യൻ സിനിമയിലെ സംവിധായക പ്രതിഭകളായ ബംഗാളി ത്രയങ്ങൾ സത്യജിത് റേ ,ഋത്വിക് ഘട്ടക് ,മൃണാൾസെൻ എന്നിവരുടെ ചിത്രങ്ങൾ ആദ്യമായി നിർമ്മിച്ച അച്ഛന്റെ മകൻ. അൻജൻബോസിന് നൽകാവുന്ന ഏറ്റവും വലിയ വിശേഷണം അതാണെങ്കിലും നൂറിലധികം ഡോക്യുമെന്ററികൾ സംവിധാനം ചെയ്യുകയും അനേകം ചിത്രങ്ങൾ നിർമ്മിക്കുകയും അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടുകയും ചെയ്ത പ്രതിഭയാണ് അദ്ദേഹം .അറോറാ ഫിലിം കോർപ്പറേഷൻ എന്നാൽ ഒരു കാലത്ത് ബംഗാളിലെ നല്ല സിനിമയുടെ മേൽവിലാസമായിരുന്നു. റേയുടെ പഥേർ പാഞ്ചലിയുടെ വിതരണം അൻജൻ ബോസിന്റെ അച്ഛൻ അജിത് ബോസാണ് നിർവഹിച്ചത്..തുടർന്ന് അപരാജിതോയും,റേയുടെ ഏറ്റവും മികച്ച ചിത്രമായി കരുതുന്ന ജൽസാഘറും അറോറാ ഫിലിംസ് നിർമ്മിച്ചു.
അൻജൻബോസിന്റെ മുത്തച്ഛൻ ആനന്ദിനാഥ് ബോസ് ഇന്ത്യൻ സിനിമയുടെ തലതൊട്ടപ്പൻമാരിലൊരാളായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ട്രാവലിംഗ് ടൂർ യൂണിറ്റ് തുടങ്ങിയതും ബംഗാളിലെ ആദ്യ സിനിമകൾ നിർമ്മിക്കുകയും അറോറ ഫിലിം കോർപ്പറേഷൻ ആരംഭിച്ചതും ആനന്ദിനാഥായിരുന്നു. അദ്ദേഹത്തിൽ നിന്നാണ് അൻജന്റെ അച്ഛൻ അജിത് ബോസ് ബാറ്റൺ ഏറ്റെടുത്തത്. ഘട്ടക്ക് അറോറാ ഫിലിം കോർപ്പറേഷനു വേണ്ടി നിരവധി ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട് .
മൃണാൾസെൻ അറോറാ സ്റ്റുഡിയോയിലെ സൗണ്ട് വിഭാഗത്തിലെ ഉദ്യാഗസ്ഥനായിരുന്നു. ഘട്ടക്കിന്റെയുംം മൃണാൾ സെന്നിന്റെയും കഥാചിത്രങ്ങൾ നിർമ്മിച്ചതും അറോറാ ഫിലിംസിനു വേണ്ടി അജിത് ബോസായിരുന്നു. ഉത്പ്പലേന്ദു ചക്രവർത്തിയടക്കം പുതിയ സംവിധായകരെയും അറോറാഫിലിംസ് അവതരിപ്പിച്ചു. ഏഷ്യയിലെ തന്നെ ആദ്യത്തെ എയർകണ്ടീഷൻഡ് സ്റ്റുഡിയോയും അറോറ ഫിലിം കോർപ്പറേഷന്റേതായിരുന്നു. അച്ഛനു ശേഷം സാരഥിയായ അൻജൻബോസ് ഇപ്പോൾ ഏറ്റവും ആധുനിക സ്റ്റുഡിയോയുടെ നിർമ്മാണത്തിലാണ്. കൊൽക്കത്തയിൽ നിർമ്മാണം പൂർത്തിയായി വരുന്നു. ബംഗാളി സിനിമയുടെ നൂറാം വാർഷികാഘോഷവേളയിൽ ഇന്ത്യൻ സിനിമയ്ക്കുള്ള സമ്മാനമാണിതെന്ന് അൻജൻബോസ് കേരളകൗമുദിയോടു പറഞ്ഞു. സ്റ്റുഡിയോ സംസ്കാരം തിരിച്ചു കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് അൻജൻ വ്യക്തമാക്കി.
ബംഗാളി സിനിമയുടെ ഇന്നത്തെ സ്ഥിതി വളരെ മോശമാണെന്ന് അൻജൻ പറഞ്ഞു. നല്ല സിനിമകൾ ഇറങ്ങുന്നില്ല. അച്ചടക്കം തന്നെ നഷ്ടമായി. ഇക്കുറി അഞ്ചു ബംഗാളി ചിത്രങ്ങൾ പനോരമയിൽ ഉള്ള കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ചിത്രങ്ങൾ വരുന്നില്ലെന്നായിരുന്നു മറുപടി. കഥാചിത്രങ്ങൾക്കു പകരം ഡോക്യുമെന്ററികളാണ് അറോറ ഫിലിം കോർപ്പറേഷൻ ഇപ്പോൾ നിർമ്മിച്ചു വരുന്നത്. സ്റ്റുഡിയോ പൂർത്തിയായ ശേഷം ആ മേഖലയിലേക്ക് തിരിച്ചു വരും. കഥേതര ചിത്രങ്ങളുടെ വിഭാഗത്തിൽ അൻജൻ ബോസ് നിർമ്മിച്ച മലായ് പ്രദർശിപ്പിച്ചിരുന്നു. രാജ്ദീപ് പോൾ, ശർമ്മിഷ്ഠ മൈതി എന്നിവരാണ് സംവിധായകർ. പ്രതിഭയുടെ സ്പർശമുള്ളവരെ സിനിമയിൽ അവതരിപ്പിക്കുകയാണ് അറോറാ ഫിലിംസിന്റെ മുഖമുദ്ര. റേയിൽ നിന്ന് ഈ യുവ പ്രതിഭകളിൽ എത്തി നിൽക്കുന്ന യാത്ര തുടരുകയാണ് അൻജൻ ബോസ്.
മിഡ്നൈറ്റ് റണ്ണിന്മികച്ച പ്രതികരണം
ബി.ടി.അനിൽകുമാറിന്റെ കഥയിൽ രമ്യാരാജ് തിരക്കഥയും സംവിധാനവും നിർവഹിച്ച മിഡ്നൈറ്റ് റൺ കഥേതര വിഭാഗത്തിൽ ഇന്നലെ പ്രേക്ഷക ശ്രദ്ധ നേടി. ദിലീഷ് പോത്തനും ചേത്തൻ ജയലാലുമായിരുന്നു അഭിനേതാക്കൾ.
നവരസ ഇനി രണ്ടു ചിത്രങ്ങൾ കൂടി
നവരസ പരമ്പരയിൽ ഇനി രണ്ട് ചിത്രങ്ങൾ കൂടി അവതരിപ്പിക്കാനുണ്ടെന്ന് സംവിധായകൻ ജയരാജ് പറഞ്ഞു. ഹാസ്യവും ശൃംഗാരവുമാണത്. രൗദ്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നായകൻ രഞ്ജി പണിക്കർ തന്നെ. യാദൃച്ഛികമായി അഭിനയ രംഗത്തേക്ക് വന്നയാളാണ് താനെന്നും ഇപ്പോൾ അഭിനയത്തിന്റെ തിരക്കിൽ എഴുതാൻ സമയം ലഭിക്കുന്നില്ലെന്നും രൺജിപണിക്കർ പറഞ്ഞു. ഭയാനകത്തിലെ പോസ്റ്റുമാന്റെ വേഷം നടനെന്ന നിലയിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകരമാണെന്നും രൺജി പറഞ്ഞു. ഇന്നലെ ഇഫിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.