മെൽബൺ: ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ട്വന്റി -20 പരമ്പരയിലെ രണ്ടാം മത്സരം മഴ കാരണം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയക്ക് ഒന്നിന് പിറകെ ഒന്നായി വിക്കറ്റുകൾ നഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവിൽ 19 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 132 എന്ന നിലയിൽ നിൽക്കുമ്പോൾ ആദ്യ മത്സരത്തിലെ പോലെ രസംകൊല്ലിയായി മഴയെത്തി. മഴനിയമ പ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 137 ആക്കിയിരുന്നു.
നേരത്തെ ടോസ് നേടി ഇന്ത്യ ആസ്ട്രേലിയയെ കൊഹ്‌ലി ബാറ്റിംഗിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരി വച്ച് ആദ്യ ഓവറിൽ തന്നെ ഭുവനേശ്വർ കുമാർ ആസ്ട്രേലിയയുടെ ആരോൺ ഫിഞ്ചിനെ പുറത്താക്കി. അതിന് പിറകെ ക്രിസ് ലിന്നും ഡിയാർസിയും പുറത്തായതോടെ 37 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ആസ്ട്രേലിയ പരുങ്ങലിലായി. ഗ്ലെൻ മാക്സ്‌വെല്ലും(19) ബെൻ മക്ഡെർമോട്ടും(20) നേതൻ കോർട്ടർ നൈലും(32) ചേർന്നാണ് ആസ്ട്രേലിയയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഇന്ത്യക്കായി ഭുവനേശ്വർ കുമാറും ഖലീൽ അഹമ്മദും രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി.
ആദ്യ മത്സരത്തിലും മഴ കാരണം ഇന്ത്യയുടെ വിജയലക്ഷ്യം പുനർനിർണയിക്കേണണ്ടി വന്നിരുന്നു. മൂന്ന് ട്വന്റി-20 മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ മത്സരം ഇന്ത്യ നാല് റൺസിന് തോറ്റിരുന്നു. മൂന്നാമത്തെയും അവസാനത്തെയും ട്വന്റി-20 മത്സരം നവംബർ 25ന് സിഡ്നിയിൽ വച്ചാണ്.