ഗ്വാട്ടിമാല: ഗ്വാട്ടിമാലയിൽ മുൻ സെെനികന് കോടതി 5160 വർഷം തടവ് വിധിച്ചു. ആഭ്യന്തര യുദ്ധകാലത്ത് 171 കർഷകരെ കൊന്നുതള്ളിയതിനാണ് സാന്റോ ലോപ്പസ് എന്ന സെെനികന് 5160 കൊല്ലം തടവ് വിധിച്ചത്. ഓരോ കൊലപാതകത്തിനും 30 വർഷമാണ് ലോപ്പസിന് ശിക്ഷ. ഗ്വാട്ടിമാലയിലെ പരമാവധി ശിക്ഷാകാലം 50 വർഷമാണ്. പ്രതീകാത്‌മകമായ ശിക്ഷയാണ് കോടതി വിധിച്ചത്. അമേരിക്കയിൽ അറസ്റ്റ് ചെയ്യപ്പെട്ട ലോപ്പസിനെ 2 വർഷം മുമ്പ് ഗ്വാട്ടിമാലയിലേക്ക് തിരിച്ചയച്ചിരുന്നു.
മെക്‌സിക്കോ അതിർത്തി ഭാഗത്ത് 1982 ൽ നടന്ന കൂട്ടക്കൊലയ്‌ക്ക് ഉത്തരവാദിയായ പട്രോൾ സംഘത്തിലെ അംഗമായിരുന്നു ലോപ്പസ്. വിമതർ തട്ടിയെടുത്ത തോക്കുകൾ വീണ്ടെടുക്കാനുള്ള തിരച്ചിലിലാണ് സൈനികർ കൊടും ക്രൂരത ചെയ്‌തത്. മധ്യ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിൽ 1960ൽ തുടങ്ങി 1996ൽ അവസാനിച്ച ആഭ്യന്തര കലാപത്തിൽ 2 ലക്ഷത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഗ്രാമീണരെ അവരുടെ വീടുകളിൽ നിന്ന് വലിച്ചിറക്കുകയും പെൺകുട്ടികളെ പീഢിപ്പിക്കുകയും ചെയ്‌തതായി പ്രോസിക്യൂട്ടർ പറയുന്നു. യു.എൻ ട്രൂത്ത് കമ്മീഷന്റെ കണക്കുകൾ പ്രകാരം ഏകദേശം 200,000 ആളുകൾ കൊല്ലപ്പെടുകയും 45,000 പേരെ കാണാതാവുകയും ചെയ്‌തു.