meena

ന്യൂയോർക്ക്: ആർദ്രതയുടെ മഷികൊണ്ട് കവിതയുടെ പുഴയെ ഒഴുക്കിവിട്ട വിഖ്യാത ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരി മീനാ അലക്സാണ്ടർ (67)​ ബുധനാഴ്ച ന്യൂയോർക്കിൽ വിടവാങ്ങി.

എത്ര ജന്മങ്ങൾ ജനിച്ച് മരിച്ചാലും അവയിലെ ഓർമ്മകൾ ശേഖരിക്കണം,​ ഒടുവിൽ ഓർമ്മകൾ മാത്രമാകും ബാക്കിയാവുക...

കൃഷ്‌ണ, 3.29 എ.എം എന്ന കവിതയിൽ ഒരിക്കൽ മീന എഴുതി. അലഹബാദിൽ ജനിച്ച് കേരളത്തിലും സുഡാനിലും ന്യൂയോർക്കിലുമായി ജീവിച്ച മീനയെന്ന എഴുത്തുകാരിയായ ഇംഗ്ലീഷ് അദ്ധ്യാപികയ്ക്ക് ഈ ജന്മത്തിൽ കൂടെ കൂട്ടാൻ ഓർമ്മകൾ ഏറെയുണ്ടായിരുന്നു.

അർബുദത്തിനു ചികിത്സയിൽ കഴിയവെയാണ് മരണം മീനയെ തേടിയെത്തിയത്. കവിതകളും നോവലുകളും സ്മരണകളുമെഴുതി രാജ്യാന്തരശ്രദ്ധ നേടിയ മീന ന്യൂയോർക്ക് സിറ്റി യൂണിവേഴ്സിറ്റി ഇംഗ്ലീഷ്, വിമെൻസ് സ്റ്റഡീസ് ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറും ഹണ്ടർ കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയുമായിരുന്നു.

തിരുവല്ല നിരണം കുറിച്യത്ത് മേരിയുടെയും കോഴഞ്ചേരി കീഴുകര കണ്ണാടിക്കൽ പരേതനായ ജോർജ് അലക്‌സാണ്ടറുടെയും മകളാണ്. ഡേവിഡ് ലെലിവെൽഡ് എന്ന അമേരിക്കൻ പൗരനുമായുള്ള വിവാഹശേഷം യു.എസിലായിരുന്നു താമസം.

പെൻ ഓപ്പൺ ബുക്ക് പുരസ്കാരം നേടിയ ഇലിറ്ററേറ്റ് ഹാർട്ട്, ക്വിക്‌ലി ചേഞ്ചിംഗ് റിവർ, ബർത്ത്‌പ്ലേസ് വിത്ത് ബറീഡ് സ്റ്റോൺസ്, റോ സിൽക്ക് തുടങ്ങിയവയാണു പ്രശസ്ത കവിതാസമാഹാരങ്ങൾ. അറ്റ്മോസ്ഫെറിക് എംബ്രോയ്ഡറിയായിരുന്നു ഏറ്റവും പുതിയ കവിതാ സമാഹാരം. നാംപള്ളി റോഡ്, മാൻഹട്ടൺ മ്യൂസിക് എന്നീ നോവലുകളും രചിച്ചു.

മക്കൾ: ആദം, സ്വാതി.