1

കൊച്ചി: ദ‍ർശനത്തിനായി യുവതികൾക്ക് രണ്ട് ദിവസം മാറ്റി വയ്ക്കാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയിൽ ദർശിക്കാൻ സുരക്ഷ ആവശ്യപ്പെട്ട് നാല് യുവതികൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സ്റ്റേറ്റ് അറ്റോർണി സർക്കാരിന്റെ നിലപാട് കോടതിയെ അറിയിച്ചത്. യുവതികൾക്കായി മൂന്ന് ദിവസം മാറ്റി വയ്ക്കണമെന്നാണ് യുവതികൾ സമർപ്പിച്ച ഹർജിയിലുള്ള ആവശ്യപ്പെട്ടിരുന്നത്. ഇത് എത്ര മാത്രം പ്രാവർത്തികമാണെന്ന് കോടതി ചോദിച്ചു. യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ അവകാശമുള്ളത് പോലെ തന്നെ സുരക്ഷയ്ക്കും അവകാശമുണ്ടെന്നും കോടതി പറഞ്ഞു.

യുവതീ പ്രവേശനത്തിൽ എന്ത് ചെയ്തെന്ന് കോടതി ദേവസ്വം ബോർഡിനോട് ചോദിച്ചിരുന്നു. വിധി നടപ്പാക്കാൻ എത്ര സമയം വേണം. യുവതീ പ്രവേശനം സാധ്യമാക്കാൻ എന്തൊക്കെ സൗകര്യങ്ങൾ ഒരുക്കി. എന്ത് ചെയ്യാനാണ് ബോർഡിന്റെ ഉദ്ദേശമെന്നും കോടതി ചോദിച്ചു. ശബരിമലയിൽ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ച് പത്ത് ദിവസത്തിനകം അറിയിക്കാമെന്ന് സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചുവെങ്കിലും ഒരാഴ്‌ചയ്ക്കകം മറുപടി അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി.

എന്നാൽ ഒരു വിഭാഗത്തിന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടുമ്പോൾ ഒരു ജനതയുടെ മൗലികാവകാശത്തെ പറ്റി മറക്കുവാൻ പാടില്ല എന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബ‌ഞ്ച് പറഞ്ഞു. ജന്തർ മന്തർ കേസിലെ വിധിയെ അടിസ്ഥാനപ്പെടുത്തിയാണ് ഹൈക്കോടതിയുടെ പരാമർശം.