ന്യൂഡൽഹി: പുറത്ത് നിന്നുള്ളവർക്ക് പ്രവേശനം നിഷേധിച്ചിട്ടുള്ള ആൻഡമാനിലെ നോർത്ത് സെന്റിനൽ ദ്വീപിൽ വച്ച് അമേരിക്കൻ സുവിശേഷകൻ ജോൺ അലൻ ചൗ കൊല്ലപ്പെട്ടത് ക്രൂര പീഡനങ്ങൾക്ക് ഇരയായ ശേഷമെന്ന് റിപ്പോർട്ട്. നവംബർ 16ന് ദ്വീപിലേക്ക് കടക്കുന്നതിനിടെ സെന്റിനൽ വാസികളുടെ പിടിയിൽ അകപ്പെട്ട അലനെ രണ്ട് ദിവസങ്ങളോളം ബന്ധിയാക്കി വച്ചിരുന്നുവെന്ന് പൊലീസ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സെന്റിനൽ ദ്വീപിൽ താമസിക്കുന്ന ഓംഗ വംശജർ ക്രൂരമായ പീഡനങ്ങൾക്ക് ശേഷമാണ് ഇയാളെ മൃഗീയമായി കൊലപ്പെടുത്തിയതെന്നും പൊലീസ് ആരോപിക്കുന്നു.
ക്രിസ്ത്യൻ സുവിശേഷകനായ അലൻ ദ്വീപിലുള്ളവരെ മതപരിവർത്തനം ചെയ്യാനാണ് തന്റെ ജീവൻ പോലും പണയപ്പെടുത്താൻ തയ്യാറായത്. ദൈവത്തിനെക്കുറിച്ച് ഇതുവരെ കേട്ടിട്ടില്ലാത്തവർ താമസിക്കുന്ന ദ്വീപ് ചെകുത്താന്റെ അവസാന കേന്ദ്രമാണോ എന്ന് ചോദിക്കുന്ന അലന്റെ ഡയറിക്കുറിപ്പുകളും പുറത്തുവന്നിട്ടുണ്ട്. മരിക്കുന്നതിന് തലേദിവസം ദ്വീപിലെത്തി മടങ്ങിയ അലൻ തന്റെ ഡയറിയിൽ കുറിച്ചത് ഇങ്ങനെ, 'ദൈവം ഞങ്ങളെ തീരസംരക്ഷസേനയുടെ കണ്ണിൽ നിന്നും മറച്ചുപിടിച്ചു. ഞാൻ ഭയന്നുപോയി. അവിടെനിന്ന് സൂര്യാസ്‌തമയം കണ്ടു. മനോഹരമായിരുന്നു. എനിക്ക് കരച്ചിൽ വന്നു. ഞാൻ കാണുന്ന അവസാനത്തെ സൂര്യാസ്‌തമയമാണോ അതെന്ന് തോന്നി'. ഡയറിക്കുറിപ്പുകൾ അറംപറ്റിയപോലെ പിറ്റേന്ന് സെന്റിനൽ ദ്വീപിൽ അലൻ ഓംഗ വംശജരുടെ പിടിയിലായി.
നോർത്ത് സെന്റിനൽ ദ്വീപ്
ബംഗാൾ ഉൾക്കടലിൽ ഇന്ത്യൻ സർക്കാറിന്റെ അധീനതയിൽ വരുന്ന ഒരു ദ്വീപാണ് നോർത്ത് സെന്റിനൽ . ഏകദേശം 72 കിലോമീറ്റർ വിസ്‌തൃതിയുള്ള ഈ ദ്വീപ് ആൻഡമാൻ നിക്കോബാറിന്റെ ഭാഗമാണ്.ചുറ്റും വെള്ള നിറത്തിലുള്ള കടൽ ഒരു രക്ഷാകവചം പോലെ നിൽക്കുന്ന ദ്വീപിൽ സ്വാഭാവിക തുറമുഖങ്ങൾ ഒന്നും തന്നെയില്ല. ഇവിടേക്കെത്താൻ പല സാഹസികരും ശ്രമിച്ചിട്ടുണ്ടെങ്കിലും ദ്വീപിലേക്ക് പുറത്തു നിന്നുള്ളവരെ സ്വീകരിക്കാൻ ഇവിടുള്ളവർ തയ്യാറായിരുന്നില്ല. 2006ൽ ദ്വീപിനോടടുത്ത പ്രദേശത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായിരുന്നു.ഇവരെ ദ്വീപ് വാസികൾ കൊലപ്പെടുത്തിയതായാണ് കരുതുന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോലും കണ്ടെടുക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ദ്വീപിനടുത്തേക്ക് വഴി തെറ്റിയെത്തുന്ന സഞ്ചാരികളെയും മത്സ്യത്തൊഴിലാളികളെയും ഇന്ത്യൻ നാവികസേന ദൂരെ നിന്നു തന്നെ തടഞ്ഞ് തിരിച്ചയക്കാറാണ് പതിവ്.
ഓംഗകൾ അഥവാ ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യ ഗോത്രം
സെന്റിനൽ ദ്വീപിലേക്കുള്ള ബാഹ്യ ഇടപെടലുകൾ തടയുന്നത് ഇവിടെ താമസിക്കുന്ന ഓംഗ വംശജർ തന്നെയാണ്. ആഫ്രിക്കൻ വംശജരെന്ന് കരുതുന്ന ഇക്കൂട്ടർ 60,000 വർഷത്തോളമായി ഇവിടെ താമസിക്കുന്നുണ്ടെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. 1967ൽ ഓംഗകളുമായി ബന്ധപ്പെടാനും അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി ഇന്ത്യൻ സർക്കാർ നരവംശ ശാസ്ത്രജ്ഞനായ ടി.എൻ പണ്ഡിറ്റിന്റെ നേതൃത്വത്തിൽ ഒരു സംഘത്തിനെ അയച്ചിരുന്നു. സമ്മാനങ്ങളും വസ്ത്രങ്ങളും നൽകി ദ്വീപിലുള്ളവരെ ഇണക്കാൻ ശ്രമിച്ചെങ്കിലും ഇക്കൂട്ടർ ഇണങ്ങാൻ തയ്യാറായില്ല. കൂടാതെ കടൽത്തീരത്തേക്ക് കൂട്ടമായി വന്ന ഇക്കൂട്ടർ ദൗത്യ സംഘത്തിന് നേരെ പുറം തിരിഞ്ഞ് നിന്ന് വിസർജനം ചെയ്യാൻ ശ്രമിച്ചതായി ടി.എൻ പണ്ഡിറ്റ് പറയുന്നു. ഇങ്ങനെ ചെയ്യുന്നത് അതിഥികളെ അവഹേളിക്കാനും ദ്വീപിലേക്ക് ആരും വരേണ്ടെന്ന് കാണിക്കാനുമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സമ്മാനങ്ങളും വസ്ത്രങ്ങളും ഇക്കൂട്ടരെ പ്രലോഭിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.ഇതിന് ശേഷം സർക്കാർ നിയോഗിക്കുന്ന ഉന്നത ഉദ്യോഗസ്ഥർക്കല്ലാതെ ആരെയും ദ്വീപിലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നില്ല. എന്നാൽ അടുത്തിടെ ഈ നിയന്ത്രണങ്ങളെല്ലാം കേന്ദ്രസർക്കാർ എടുത്തുകളഞ്ഞു.