ഇസ്ലാമാബാദ്: പാക് പ്രവിശ്യയായ ഖൈബർ പഖ്തുൻഖ്വയിലെ ഹാംഗു നഗരത്തിൽ ഇന്നലെയുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു. 35 പേർക്ക് പരിക്കേറ്റു. പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗമായ ഷിയാ മുസ്ലിങ്ങളുടെ ഒറക്‌സയ് ജില്ലയിലെ ആരാധനാലയത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ച ബോംബുമായി ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഉയരാൻ സാദ്ധ്യതയുണ്ടെന്ന് പാക് മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിരീൻ മസരി ട്വീറ്റ് ചെയ്തു. അഫ്ഗാൻ ഭീകരരെ അമർച്ച ചെയ്യാൻ അമേരിക്കയ്ക്ക് കഴിയാത്തതിനാലാണ് പാകിസ്ഥാനിൽ ആക്രമണമുണ്ടായതെന്ന് മസരി ആരോപിച്ചു.
കറാച്ചിയിലെ ചൈനീസ് കോൺസുലേറ്രിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെയാണ് ഒറക്‌സയ് ജില്ലയിലെ ഹാംഗു നഗരത്തിൽ പൊട്ടിത്തെറിയുണ്ടായത്. ഇന്നലെ പ്രാർത്ഥനകൾക്കായി എത്തിയ ഷിയ മുസ്ലിം വിശ്വാസികളാണ് കൊല്ലപ്പെട്ടത്. സ്ഫോടനം നഗരത്തിലെ തിരക്കേറിയ ഭാഗത്തായതിനാലാണ് മരണസംഖ്യ വർദ്ധിച്ചത്. പാകിസ്ഥാനിലെ ഷിയാ മുസ്ലിങ്ങൾക്കുനേരെ സുന്നി ഭീകരർ നിരന്തരം ആക്രമണം നടത്താറുണ്ട്.