അപരിചിതരായ ആളുകളോട് അമിതമായ ലൈംഗിക താത്‌പര്യംതോന്നാറുണ്ടോ? ഒറ്റയ്‌ക്ക് ജീവിക്കുന്നതിനേക്കാൾ ലൈംഗികമായി താത്പര്യം തോന്നുന്ന ആൾക്കാരുമായി സമയം ചെലവിടണമെന്ന് തോന്നാറുണ്ടോ? എങ്കിൽ നിങ്ങൾ സെക്‌സ് അഡിക്‌ട് എന്ന വിഭാഗത്തിൽ പെടുമെന്ന് പഠനങ്ങൾ പറയുന്നു. സെക്‌സ് അഡിക്‌ട് ആയിട്ടുള്ള ആൾക്കാരുടെ എണ്ണം വിചാരിച്ചതിലും അധികമാണെന്നാണ് അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. ടിന്റർ പോലുള്ള ഡേറ്റിംഗ് ആപ്പുകൾ സ്ത്രീകളെ സെക്‌സ് അഡിക്ഷൻ വർദ്ധിപ്പിച്ചതായും പഠനത്തിൽ പറയുന്നു.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ തങ്ങളുടെ ലൈംഗിക അഭിരുചികളെ അടക്കി വയ്‌ക്കുന്നവരാണെന്നാണ് അടുത്ത കാലം വരെയും ഗവേഷകർ കരുതിയിരുന്നത്. എന്നാൽ തങ്ങളുടെ ലൈംഗിക താത്പര്യങ്ങൾ തുറന്നുകാണിക്കാൻ ഇപ്പോഴത്തെ സ്ത്രീകൾ മടിക്കാറില്ലെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. 10ൽ നാല് പുരുഷന്മാരും 14ൽ ഒരു സ്ത്രീയും തങ്ങളുടെ ആഗ്രഹങ്ങളെ അടക്കി വയ്‌ക്കുന്നവരല്ലെന്ന് മിനെസോട്ട സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. തങ്ങളുടെ സാമൂഹിക കടമകളോ ആരോഗ്യമോ ജോലിയോ പോലും നോക്കാതെ ഇക്കൂട്ടർ ആഗ്രഹപൂർത്തീകരണം നടത്താറുണ്ടെന്നും പഠനത്തിൽ തുടരുന്നു. താഴെപ്പറയുന്ന ലക്ഷണങ്ങൾ ഉള്ളവർ സെക്‌സ് അഡിക്‌ടുകൾ ആയിരിക്കാമെന്നും പഠനം കൂട്ടിച്ചേർക്കുന്നു.
ശരിയായ പരിചയമോ ബന്ധമോ ഇല്ലാത്തവരോട് പോലും ശാരീരികമായ താത്പര്യങ്ങൾ തോന്നുക
അപകടകരമെന്ന് തോന്നുന്ന ബന്ധങ്ങളിൽ പോലും പലകുറി ഭാഗമാകുക
ഒരു ബന്ധത്തിൽ നിന്നും മറ്റൊന്നിലേക്ക് ഇടയ്‌ക്കിടയ്‌ക്ക് മാറുക അല്ലെങ്കിൽ പങ്കാളിയെ ഇടവേളകളിൽ മാറ്റുക
ഒരേ സമയം തന്നെ ഒന്നിൽ കൂടുതൽ ആളുകളുമായി ബന്ധം സ്ഥാപിക്കുക
സ്‌നേഹത്തെയും ലൈംഗിക ചോദനയെയും വേർതിരിച്ചറിയാൻ സാധിക്കാതെ വരിക
ഒറ്റയ്‌ക്ക് ജീവിക്കുന്നത് തനിക്ക് ചേർന്നതല്ലെന്ന തോന്നൽ
ദേഷ്യം, ഉത്കണ്‌ഠ, ഭീതി, നാണം, ഏകാന്തത എന്നിവയെ ലൈംഗികതയുമായി ബന്ധപ്പെടുത്തുക
മറ്റുള്ളവരെ കബളിപ്പിക്കാൻ വേണ്ടി ലൈംഗിക ബന്ധങ്ങളെ ഉപയോഗിക്കുക
മാനസികമായി ഇഴയടുപ്പം ഇല്ലാത്തവരോട് പോലും ബന്ധം സ്ഥാപിക്കുക
ഭയത്തിന്റെ പേരിൽ ശാരീരക ബന്ധത്തിൽ ഇഴുകിച്ചേരുന്നത് ഉപേക്ഷിക്കുക
എന്നാൽ ഈ ലക്ഷണങ്ങളിൽ ചിലതെങ്കിലും നിങ്ങളിലുണ്ടെങ്കിലും പരിഭ്രമിക്കേണ്ടതില്ല. പങ്കാളിയുമായി തുറന്ന് സംസാരിക്കുന്നതിലൂടെയും ശരിയായ ജീവിത രീതി ശീലിക്കുന്നതിലൂടെയും നല്ല കുടുംബബന്ധങ്ങൾ സൂക്ഷിക്കാൻ കഴിയുമെന്ന് വൈദ്യശാസ്ത്രം പറയുന്നു.