തിരുവനന്തപുരം: ശബരിമലയിൽ ചോറൂണിനായെത്തിയ 52കാരിയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ മോചനത്തിനായി ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള അറിയിച്ചു. സുരേന്ദ്രന്റെ അറസ്റ്റിനെതിരെ നിയമനടപടി സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.
മുഖ്യമന്ത്രിയുമായി പൊതുസംവാദത്തിന് തയ്യാറാണെന്നും ശനിയാഴ്ച തൃശൂർ, കോഴിക്കോട് പൊലീസ് കമ്മിഷണർമാരുടെ ഓഫീസുകളിലേക്ക് മാർച്ച് നടത്തുമെന്നും ശ്രീധരൻപിള്ള അറിയിച്ചു. ചിത്തിര ആട്ടവിശേഷത്തിനിടെ നടന്ന ആക്രമണങ്ങളുടെ പേരിൽ അറസ്റ്റിലായ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
അതേസമയം, കെ.സുരേന്ദ്രനെ നശിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗൂഡാലോചന നടക്കുന്നുണ്ടെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വൈരാഗ്യത്തിന്റെ പേരിൽ സുരേന്ദ്രനെ വേട്ടയാടാൻ അനുവദിക്കില്ലെന്നും സുരേന്ദ്രനെ രാഷ്ട്രീയപരമായി നേരിടാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും എം.ടി രമേശ് പറഞ്ഞു.