കൊച്ചി: ശബരിമലയിൽ ലിംഗ സമത്വ വിഷയമല്ലെന്ന് ശശി തരൂർ എം.പി. പവിത്രതയുടെയും ആചാരത്തിന്റെയും പ്രശ്നമാണ്. പുരുഷന്മാർക്ക് കയറാൻ പറ്റാത്ത ക്ഷേത്രങ്ങളുമുണ്ട്. കന്യാകുമാരിയിൽ അത്തരമൊരു ക്ഷേത്രമുണ്ട്. അവിടെ കയറണം എന്ന് പറഞ്ഞ് ആരും കോടതിയിൽ പോയിട്ടില്ല. അയ്യപ്പ ഭക്തരായ സ്ത്രീകൾക്ക് തൊഴാൻ വേറെ അയ്യപ്പ ക്ഷേത്രങ്ങളുണ്ട്. ലിംഗ സമത്വ പ്രശ്നമായി കണ്ടതിനാലാണ് കോണഗ്രസ് നേതൃത്വവും രാഹുൽ ഗാന്ധിയും വിധിയെ സ്വാഗതം ചെയ്തത്. ശബരിമലയുടെ പ്രത്യേകത എല്ലാരും മാനിക്കണമെന്നും ശശി തരൂർ പറഞ്ഞു.
ഹൈന്ദവരെ ധ്രുവീകരിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാണ് ബി.ജെ.പിയുടെ ശ്രമം. ഇത് ഉത്തരേന്ത്യയിൽ പരീക്ഷിച്ചു വിജയിച്ചതാണ്. എതെങ്കിലും ഒരു മതം മാത്രമുള്ള രാജ്യമല്ല ഇന്ത്യ. ശബരിമലയിൽ ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ നാടകത്തോട് യോജിപ്പില്ല. പരിപാവനമായ ശബരിമലയിൽ ആക്രമം നടത്താനോ നാടക വേദിയാക്കാനോ കോൺഗ്രസ് തയ്യാറല്ലെന്നും തരൂർ പറഞ്ഞു.
ഭരണഘടന, മതവിശ്വാസം, നിയമം തുടങ്ങിയവ ഒരു ജനാധിപത്യ സംവിധാനത്തിൽ ബഹുമാനിക്കേണ്ടവയാണ്. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് വന്ന കോടതി വിധി നടപ്പിലാക്കാൻ ശ്രമിച്ചത് വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ട്. പക്ഷെ അത് ആക്രമം അഴിച്ച് വിടാനുള്ള അവസരമായി കോൺഗ്രസ് കാണില്ല. ശബരിമല ഇപ്പോൾ ഒരു പൊലീസ് ക്യാമ്പായി മാറി കഴിഞ്ഞു. അവിടെ എങ്ങനെ ശാന്തമായി പ്രാർത്ഥിക്കാൻ കഴിയുമെന്നും ശശി തരൂർ ചോദിച്ചു.
ശബരിമല വിഷയത്തിൽ നിയമപരമായി മാത്രമേ കോടതി ഉത്തരവ് മറിക്കടക്കാൻ കഴിയൂ. കോടതിയിൽ പരാജയപ്പെട്ടാൽ പാർലമെന്റിൽ നിയമ നിർമാണമാണ് പോംവഴി.ശബരിമലയിൽ ആക്രമം അഴിച്ചു വിടുന്നതോ ഭക്തരെ ബുദ്ധിമുട്ടിക്കുന്നതോ അല്ല ശാശ്വത പരിഹാരം. എല്ലാ ജന വിഭാഗങ്ങളെയും ഒന്നിച്ചിരുത്തി ആലോചിച്ച ശേഷമാണ് വിധി നടപ്പാക്കേണ്ടത്. ധൃതി പിടിച്ച് കോടതി വിധി നടപ്പിലാക്കാൻ ശ്രമിച്ചതാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചയെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.