ട്വന്റി-20 വനിതാ ലോകകപ്പ് സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റു
ഗയാന: ഇന്ത്യൻ വനിതാ ക്രിക്കറ്ര് ടീമിന്റെ ലോകകപ്പ് മോഹങ്ങൾക്ക് ഒരിക്കൽക്കൂടി ഇംഗ്ലീഷ് പെൺപട തടയിട്ടു. ഇന്നലെ നടന്ന വനിത ട്വന്റി-20 ലോകകപ്പ് സെമിയിൽ ഇന്ത്യ 8 വിക്കറ്റിന് ഇംഗ്ലണ്ടിനോട് തോറ്രു. ആദ്യം ബാറ്ര് ചെയ്ത് ഇന്ത്യ 19.3 ഓവറിൽ 112 റൺസിന് ആൾഔട്ടായി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 17.1 ഓവറിൽ രണ്ട് വിക്കറ്ര് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു ( 116/2 ). പരിചയ സമ്പന്നയായ മിതാലി രാജിനെ പുറത്തിരുത്തി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ ജയം നേടിയ അതേ ടീമിനെ തന്നെ സെമിയിലും ടീം ഇന്ത്യ കളത്തിലിറക്കുകയായിരുന്നു. അതേസമയം ട്വന്റി-20യിൽ ഏറ്രവും കൂടുതൽ റൺസ് നേടിയ താരമായ മിതാലിയുടെ അഭാവം സെമിയിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായെന്നാണ് വിദഗദ്ധരുടെ വിലയിരുത്തൽ. രണ്ടിന് 89 റൺസ് എന്ന നിലയിൽ 23 റൺസ് എടുക്കുന്നതിനിടെ എട്ടു വിക്കറ്റുകൾ നഷ്ടമാക്കിയ ഇന്ത്യ തോൽവി ചോദിച്ചു വാങ്ങുകയായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി 23 പന്തിൽ നിന്ന് 34 റൺസ് നേടിയ സ്മൃതി മന്ദാനയ്ക്കും 26 പന്തിൽ നിന്ന് 6 റൺസ് നേടിയ ജമീമ റോഡ്രിഗസിനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താനായത്. ഇവരെക്കൂടാതെ ക്യാപ്ടൻ ഹർമ്മൻ പ്രീത് കൗർ (16), തമന്യ ഭാട്യ എന്നിവരാണ് രണ്ടക്കം കടന്ന മറ്റിന്ത്യൻ താരങ്ങൾ.
ഒന്നാം വിക്കറ്റിൽ സ്‌മൃതിയും താനിയയും ചേർന്ന് ആറോവറിൽ 43 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ രണ്ട് ഓവറിന്റെ ഇടവേളയിൽ ഇരുവരും പുറത്തായതോടെ ഇന്ത്യയുടെ തകർച്ച തുടങ്ങുകയായിരുന്നു. മൂന്നാം വിക്കറ്റിൽ 36 റൺസ് കൂട്ടിച്ചേർത്ത ജമീമയും ഹർമൻ പ്രീതും രക്ഷാപ്രവർത്തനത്തിന് ശ്രമം നടത്തിയെങ്കിലും പിന്നീട് അപ്രതീക്ഷിത തകർച്ച നേരിടുകയായിരുന്നു..
രണ്ടോവറിൽ 9 റൺസ് മാത്രം നൽകി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹീതർ നൈറ്റും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സോഫിയും നതാലിയുമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 17 പന്ത് ബാക്കി നിൽക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യത്തിലെത്തി.അർദ്ധ സെഞ്ച്വറി നേടിയ ആമി ജോൺസും (പുറത്താകാതെ 53) നതാലി സ്കീവറുമാണ് (പുറത്താകാതെ 52) അവർക്കു തകർപ്പൻ ജയം സമ്മാനിച്ചത്.