തിരുവനന്തപുരം പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമ്മാണത്തിന് കേന്ദ്രസർക്കാർ അർഹമായ സഹായം നൽകുന്നില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 31,000 കോടി രൂപയുടെ നാശനഷ്ടമാണ് മഹാപ്രളയം കാരണം ഉണ്ടായതെന്നാണ് പ്രാഥമിക കണക്കുകൾ. എന്നാൽ കേന്ദ്രം ഇതുവരെ അനുവദിച്ചത് 600 കോടി മാത്രമാണ്. ഇതിൽ പ്രളയകാലത്ത് അനുവദിച്ച അരിയും മണ്ണെണ്ണയും ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് വില നൽകണമെന്ന കേന്ദ്രനിലപാട് കൂടി കണക്കാക്കുമ്പോൾ ഫലത്തിൽ 336 കോടി മാത്രമാണ് കേന്ദ്രസഹായമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളം ആവശ്യപ്പെട്ട അയ്യായിരം കോടി രൂപയുടെ പാക്കേജിൽപ്പോലും ഇനിയും തീരുമാനമായിട്ടില്ലെന്നും പിണറായി പറഞ്ഞു.
പുനർനിർമാണത്തിന് വേണ്ട സഹായം കേന്ദ്രം കൃത്യമായി നൽകുന്നില്ലെന്ന് മാത്രമല്ല സഹായിക്കാൻ തയ്യാറായി മുന്നോട്ടു വന്ന യു.എ.ഇയെപ്പോലുള്ള രാജ്യങ്ങളുടെ സഹായം വേണ്ടെന്ന നിലപാടുമെടുത്തു. കേരളത്തിന് ലഭിക്കുമായിരുന്ന പുനർനിർമാണത്തിന് കിട്ടുമായിരുന്ന വലിയ തുകയാണ് ഇതുവഴി നഷ്ടമായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ദേശീയ ദുരന്തനിവാരണമാന്വൽ പ്രകാരം കേരളത്തിന് വിദേശരാജ്യങ്ങൾ സ്വമേധയാ നൽകുന്ന സഹായം സ്വീകരിക്കാവുന്നതാണ്. പ്രവാസിമലയാളികൾ ഫണ്ട് സമാഹരിക്കാൻ ശ്രമിക്കുന്നുണ്ട്. അതിനായി മന്ത്രിമാർ വിദേശങ്ങളിലേക്ക് പോകാൻ ശ്രമിച്ചപ്പോൾ അതിനുള്ള കേന്ദ്രാനുമതിയും തടഞ്ഞു. സംസ്ഥാനം എല്ലാകാര്യത്തിലും സഹകരിക്കുന്നുണ്ടെങ്കിലും കേന്ദ്രം മുഖം തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രളയത്തിൽ 31,000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കിയിട്ടുള്ളത്. കേരളം ആവശ്യപ്പെട്ട 5000 കോടി അനുവദിച്ചാലും 26,000 കോടി രൂപ ഇനിയും സംസ്ഥാനം കണ്ടെത്തണം. സംസ്ഥാനത്തിന്റെ വായ്പാപരിധി കേന്ദ്രം മൂന്ന് ശതമാനത്തിൽ നിന്ന് നാലരശതമാനമായി ഉയർത്തണം. ഒപ്പം നബാർഡിൽ നിന്ന് 2500 കോടി രൂപയുടെ വായ്പ അനുവദിക്കണം, ലോകബാങ്ക്, എ.ഡി.ബി എന്നിവയുടെ വായ്പ ലഭ്യമാക്കണം, കേന്ദ്രാവിഷ്കൃതപദ്ധതികളിലൂടെ ധനസഹായം പത്ത് ശതമാനം വർധിപ്പിക്കണം എന്നീ ആവശ്യങ്ങൾ കേന്ദ്രത്തോട് ഉന്നയിച്ചു. ജി.എസ്.ടി കൗൺസിൽ യോഗത്തിൽ കേരളത്തിനെ സെസ്സ് ഏർപ്പെടുത്തി സഹായിക്കാമെന്ന് കേന്ദ്രധനമന്ത്രി സമ്മതിച്ചിട്ടും പിന്നീട് ഒരു നടപടിയും ഉണ്ടായില്ലെന്നും പിണറായി വ്യക്തമാക്കി.
കർണാടകയിലും ഉത്തരാഖണ്ഡിലും തമിഴ്നാട്ടിലും പ്രളയമുണ്ടായപ്പോൾ വലിയ തോതിൽ കേന്ദ്രസഹായം നൽകിയിരുന്നു. എന്നാൽ കേരളത്തോട് അത്തരമൊരു സമീപനം സ്വീകരിച്ചില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.