ആന്റിഗ്വ: ലോകകപ്പ് സെമി ഫൈനൽ പോലുള്ള പ്രധാന മത്സരത്തിൽ മികച്ച ഫോമിലുള്ള ഏറ്രവും പരിചയ സമ്പന്നയായ താരം മിതാലി രാജിനെ റിസർവ് ബഞ്ചിലിരുത്തിയതിനെ കടുത്ത വിമർശനം. ഇംഗ്ലണ്ടിനെ പോലൊരു മികച്ച ടീമിനെതിരെ മിതാലിയെ പുറത്തിരുത്തിയതിനെതിരെ സോഷ്യൽ മീഡിയയിലുൾപ്പെടെ കടുത്ത വിമർശനമാണുയരുന്നത്. മിതാലിയെ പുറത്തിരുത്തിയതിനെതിരെ മുൻ താരങ്ങളും കമന്റേറ്റർമാരുമായ സഞ്ജയ് മഞ്ജരേക്കർ, നാസർ ഹുസൈൻ എന്നിവർ രൂക്ഷമായി വിമർശിച്ചിരുന്നു. ആസ്ട്രേലിയക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ജയിച്ച അതേ ടീമിനെത്തന്നെ നിലനിറുത്താൻ തീരുമാനിച്ചതോടെയാണ് മിതാലിക്ക് റിസർവ് ബഞ്ചിലിരിക്കേണ്ടി വന്നതെന്നാണ് ടീം മാനേജ്മെന്റ് നൽകുന്ന വിവരം.
അതേസമയം മിതാലിയെ ഒഴിവാക്കിയത് ടീം മൊത്തത്തിലെടുത്ത തീരുമാനമാണെന്നും അതിൽ ദു:ഖമോ കുറ്റബോധമോയില്ലെന്നും ഇന്ത്യൻ ക്യാപ്‌ടൻ ഹർമ്മൻ പ്രീത് കൗർ മത്സരശേഷം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ടീമിന് വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ചിലപ്പോൾ അത് ശരിയാകും ചിലപ്പോൾ പാളിപ്പോകും ഹർമ്മൻ പ്രീത് പറഞ്ഞു.
ടൂർണമെന്റിൽ ടീമിന്റെ പ്രകടനത്തിൽ ഏറെ അഭിമാനമുണ്ടെന്നും ഹർമ്മൻ പ്രീത് അഭിപ്രായപ്പെട്ടു. യുവതാരങ്ങളടങ്ങിയ ടീമിന് ഇതൊരു പാഠമാണെന്നും ഇന്ത്യൻ ക്യാപ്ടൻ കൂട്ടിച്ചർത്തു.