-mathew-t-thomas

തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം തന്നെ വേദനിപ്പിച്ചെന്ന് മാത്യു.ടി തോമസ്. തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത് ഇടതുപക്ഷ രീതിക്ക് യോജിക്കാത്ത തീരുമാനമാണെന്ന് മാത്യു.ടി തോമസ് പറഞ്ഞു.

രാജിവയ്ക്കണമെന്ന നിർദ്ദേശം പാർട്ടി നേതൃത്വത്തിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല. സംഘടന തീരുമാനം അനുസരിക്കാൻ താൻ ബാദ്ധ്യസ്ഥനാണ്. തിരുവനന്തപുരത്ത് എത്തിയതിന് ശേഷം തീരുമാനമെടുക്കുമെന്നും മാത്യു ടി തോമസ് വ്യക്തമാക്കി. നീതിപൂർവം പ്രവർത്തിച്ചത് പലർക്കും അനിഷ്ടമുണ്ടാക്കി. കുടുംബത്തേയും തന്നെയും വ്യക്തിപരമായി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. പാർട്ടിയോടൊപ്പം തുടരുമെന്നും ഇടതുപക്ഷത്തോടൊപ്പം എന്നുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് മന്ത്രി മാത്യു. ടി.തോമസിനെ മാറ്റാനുള്ള തീരുമാനം പാർട്ടി സ്വീകരിച്ചത്. സംസ്ഥാന അദ്ധ്യക്ഷനും ചിറ്റൂർ എം.എൽ.എയുമായ കെ.കൃഷ്‌ണൻ കുട്ടിയെ മന്ത്രിയാക്കാനാണ് ജെ.ഡി.എസിൽ തീരുമാനം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയ്‌ക്ക് ഉടൻ കത്തുനൽകുമെന്ന് ജെ.ഡി.എസ് ദേശീയ ജനറൽ സെക്രട്ടറി ഡാനിഷ് അലി വ്യക്തമാക്കിയിരുന്നു.

ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിച്ച് മന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് മാത്യു. ടി.തോമസ് അറിയിച്ചതായി ഡാനിഷ് അലി വ്യക്തമാക്കി. പാർട്ടിയിൽ ഭിന്നസ്വരങ്ങൾ ഉണ്ടാകുമെങ്കിലും ജെ.ഡി.എസ് ഒരിക്കലും പിളർപ്പിലേക്ക് പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. 2016ലെ ധാരണയനുസരിച്ചാണ് മാറ്റം. പാർട്ടി പറഞ്ഞപ്പോൾ മുമ്പും മാത്യു. ടി.തോമസ് മാറി നിന്നിട്ടുണ്ടെന്ന് ഡാനിഷ് അലി വ്യക്തമാക്കി.