pix

കൊച്ചി: അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡോയിൽ വില ഒരുവർഷത്തെ താഴ്‌ചയിലേക്ക് ഇടിഞ്ഞതോടെ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകളും കുറയുന്നു. ഇന്നലെ പെട്രോൾ വില ലിറ്ററിന് 41 പൈസ കുറഞ്ഞ് 78.87 രൂപയായി (തിരുവനന്തപുരം വില). 43 പൈസ താഴ്‌ന്ന് 75.69 രൂപയാണ് ഡീസൽ വില. ക്രൂഡോയിൽ വിലയിടിവിന്റെ ചുവടുപിടിച്ച് ഒരുമാസത്തിലേറെയായി പെട്രോൾ, ഡീസൽ വിലകൾ ദിനംപ്രതി കുറയുകയാണ്. ഒക്‌ടോബർ ഒന്നിന് പെട്രോളിന് 87.12 രൂപയും ഡീസലിന് 80.36 രൂപയുമായിരുന്നു വില.

പെട്രോളിന് ഡൽഹിയിൽ 75.97 രൂപയും മുംബയിൽ 81.50 രൂപയുമായിരുന്നു ഇന്നലെ വില. ഡീസൽ വില ഡൽഹിയിൽ 70.97 രൂപ. മുംബയിൽ 74.34 രൂപ. ക്രൂഡോയിൽ വിലയിടിവിന് പുറമേ, ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതും ഇന്ധനവില കുറയാൻ സഹായകമായിട്ടുണ്ട്. ഉപഭോഗത്തിന് ആവശ്യമായ 80 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ക്രൂഡോയിലിന്റെ അന്താരാഷ്‌ട്ര വിലയും രൂപയുടെ മൂല്യവും വിലയിരുത്തിയാണ് എണ്ണക്കമ്പനികൾ പ്രതിദിന ഇന്ധനവില നിർണയിക്കുന്നത്.

അമേരിക്കയിൽ ഉത്‌പാദനം ഉയർന്നതാണ് നിലവിൽ ക്രൂഡോയിൽ വില തകരാൻ കാരണം. എണ്ണ ഉത്‌പാദനം നിയന്ത്രിച്ച് വില കൂട്ടാൻ സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഒപെക് രാഷ്‌ട്രങ്ങളും റഷ്യയും പരിശ്രമിക്കവേയാണ് അമേരിക്ക ഉത്‌പാദനം കൂട്ടിയത്. കഴിഞ്ഞമാസം ബാരലിന് 84 ഡോളർ വരെ ഉയർന്ന ബ്രെന്റ് ക്രൂഡ് വില ഇന്നലെ 60.29 ഡോളറിലേക്ക് കൂപ്പുകുത്തി. 51.73 ഡോളറാണ് യു.എസ്. ക്രൂഡിന്റെ വില. വരുംദിനങ്ങളിലും വില കുറയുമെന്ന് തന്നെയാണ് വിലയിരുത്തൽ.

വിലയിടിവ് എന്തുകൊണ്ട്?

ക്രൂഡോയിൽ ഉത്‌പാദനം നിയന്ത്രിക്കാൻ ഒപെക് രാഷ്‌ട്രങ്ങൾ തീരുമാനിച്ചതിന്റെയും ഡോളറിന്റെ അപ്രമാദിത്തത്തിന്റെയും കരുത്തിൽ കഴിഞ്ഞമാസം ബ്രെന്റ് ക്രൂഡ് വില ബാരലിന് 84 ഡോളറിൽ എത്തിയിരുന്നു. ഇറാനുമേലുള്ള അമേരിക്കൻ ഉപരോധവും വിലക്കുതിപ്പുണ്ടാക്കി. എന്നാൽ, നവംബറിൽ അമേരിക്ക ഉത്‌പാദനം കൂട്ടി. ഡോളർ ദുർബലമായി. ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരാൻ ഇന്ത്യ, ജപ്പാൻ, ഇറ്റലി, ചൈന, ടർക്കി തുടങ്ങിയവയെ അമേരിക്ക അനുവദിച്ചതും വില ഇടിവിന് കളമൊരുക്കി.