മുംബയ് : കച്ചവടത്തിൽ എതിരാളിയെ തകർക്കാൻ മുട്ടവിൽപ്പനക്കാരൻ മോഷ്ടിച്ചത് 1.41 ലക്ഷം മുട്ടകൾ. അഞ്ചുലക്ഷം രൂപ വിലവരുന്ന 1.41 ലക്ഷം മുട്ടകൾ അടങ്ങിയ ട്രക്കാണ് പ്രതികൾ ചേർന്ന് തട്ടിയെടുത്തത്. മുംബയ് ഗ്രീൻ സിറ്റിയിൽ ഇന്ന് പുലർച്ചെ 3.15നാണ് സംഭവം. സംഭവത്തിൽ ഒരാളെ താനെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. മോഷണത്തിൽ പങ്കാളികളായ മറ്റുമൂന്നുപേർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.
മുട്ട വിൽപ്പനക്കാരനാണ് പ്രതി . മുട്ട ബിസിനസിലെ എതിരാളിയുമായി കടുത്ത വിരോധത്തിലായിരുന്നു പ്രതി. തുടർന്നാണ് ലോഡുമായി പോകുന്ന എതിരാളിയുടെ ട്രക്ക് തട്ടിയെടുക്കാൻ തീരുമാനിച്ചത്. ഇതിനായി മൂന്ന് പേരെ സഹായത്തിന് കൂട്ടി. പുലർച്ചെ 3.15 ന് മുംബയിലെ ഗ്രീൻസിറ്റിയിൽ വച്ച് പ്രതികൾ ട്രക്കിന് കുറുകെ തങ്ങളുടെ കാർ നിറുത്തി തടഞ്ഞു. തുടർന്ന് ട്രക്ക് ഡ്രൈവർ മുഹമ്മദ് ഷെയ്ക്കിനെ താഴെ ഇറക്കി മർദ്ദിച്ചു. കടയുടെ ഉടമസ്ഥന്റെ മകന്റെ കണ്ണുകൾ മൂടിക്കെട്ടിയ ശേഷം തിത്ത്വാല എന്ന സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് 1. 41 ലക്ഷം മുട്ടകളും ട്രക്കിലുണ്ടായിരുന്ന പണവും ഷെയ്ക്കിന്റെ മൊബൈൽ ഫോണും സംഘം തട്ടിയെടുത്തു കടന്നുകളയുകയായിരുന്നു.
ഷെയ്ക്ക് ഉടനേ തന്നെ ശിവാജി നഗർ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി. സി.സി.ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. 1,16,000 മുട്ടകൾ പൊലീസ് കണ്ടെടുത്തു. ബാക്കി മുട്ടകൾ സംഘം വിറ്റതായി പൊലീസ് അറിയിച്ചു.