g-sudhakaran

തിരുവനന്തപുരം: കേന്ദ്രമന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ രംഗത്ത്. അധികാരത്തിലിരുന്നാൽ ആനപ്പുറത്താണെന്ന് മന്ത്രിമാർ കരുതരുതെന്ന് സുധാകരൻ പറഞ്ഞു. ശബരിമല സന്ദർശനത്തിനായി എത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും എസ്.പി യതീഷ് ചന്ദ്രയുമായുണ്ടായ വാക്കുതർക്കത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിമർശനം.

സംസ്ഥാനത്തെ ക്രമസമാധാന പരിപാലനത്തെ ചോദ്യം ചെയ്യാൻ ഒരു കേന്ദ്രമന്ത്രിക്കും അവകാശമില്ല. കേന്ദ്രമന്ത്രിമാർ അവരവരുടെ ഉത്തരവാദിത്തം നിർവഹിച്ചാൽ മതി. സംസ്ഥാനത്തിന്റെ അധികാരത്തിൽ ഇടപെടാൻ ശ്രമിക്കുന്നത് ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും ജി.സുധാകരൻ കുറ്റപ്പെടുത്തി.

ശബരിമല സന്ദർശനത്തിനായെത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും എസ്.പി യതീഷ് ചന്ദ്രയുമായുണ്ടായ വാക്ക് തർക്കം വൻ ചർച്ചകൾക്ക് വഴിവച്ചിരുന്നു. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തതുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയും എസ്.പിയും തമ്മിൽ വാക്കേറ്റത്തിനിടയാക്കിയത്.