കോഴിക്കോട്: കുന്ദമംഗലത്തെ ഇടത് സ്വതന്ത്ര എം.എൽ.എ പി.ടി.എ. റഹീമിന്റെ മകനും മരുമകനും സൗദി അറേബ്യയിൽ അറസ്റ്റിലായി. ഹവാല, സ്വർണക്കടത്ത് ഇടപാടിലാണ് അറസ്റ്റെന്നാണ് വിവരം. റഹീമിന്റെ മകൻ പി.ടി. ഷബീറും രണ്ടാമത്തെ മകളുടെ ഭർത്താവ് ഷബീർ വായോളിയുമാണ് അറസ്റ്റിലായത്. ഷബീർ വായോളിയുടെ പിതാവ് കൊടുവള്ളി നഗരസഭയിലെ ഇടത് കൗൺസിലറാണ്.
സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ ജി.ബി.എസ് ഗ്ലോബൽ ബിസിനസ് സൊല്യൂഷൻ എന്ന സ്ഥാപനം നടത്തുകയാണ് ഇരുവരും. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സൗദി പൊലീസ് ഒരു മാസം മുമ്പ് മലയാളികൾ ഉൾപ്പെടെ 20 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഷബീറിന്റെ പിതാവിന്റെ സഹോദരൻ നാസറും ഇവരിൽപ്പെടുന്നു. ഇവരിൽ നിന്ന് കിട്ടിയ വിവരമനുസരിച്ചാണ് ഒരാഴ്ച മുമ്പ് റഹീമിന്റെ മകനെയും മരുമകനെയും അറസ്റ്റ് ചെയ്തത്. നാല് ദിവസം മുമ്പാണ് ബന്ധുക്കൾ വിവരം അറിയുന്നതത്രേ.
അറസ്റ്റ് വിവരം സൗദി വിദേശ മന്ത്രാലയം ഡി.ആർ.ഐക്ക് കൈമാറിയിട്ടുണ്ടെന്നും അറിയുന്നു. ഡി.ആർ.ഐ കൊച്ചി ഒാഫീസ് കേസിന്റെ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. എന്നാൽ എം.എൽ.എയുടെ മകനെയും മരുമകനെയും അറസ്റ്റ് ചെയ്തതിനെക്കുറിച്ച് തങ്ങൾക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് സിറ്റി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അറിയിച്ചു.