തിരുവനന്തപുരം: ഷൊർണൂർ എം.എൽ.എയും സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റംഗവുമായ പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ തീരുമാനം നാടകീയമായി നീട്ടിവച്ച് പാർട്ടി സംസ്ഥാനകമ്മിറ്റി. ഇന്നലെ ഈ വിഷയം ചർച്ച ചെയ്യാൻ മാത്രം ചേരുന്നെന്ന് കരുതിയ സി.പി.എം സംസ്ഥാനകമ്മിറ്റി യോഗം പക്ഷേ, കാര്യത്തിലേക്ക് കടക്കാതെ ഒരു മണിക്കൂർ കൊണ്ട് പിരിഞ്ഞു. സാങ്കേതിക പ്രശ്നമുണ്ടെന്നും അതിനാൽ തിങ്കളാഴ്ച പരിഗണിക്കാമെന്നും കോടിയേരി ബാലകൃഷ്ണൻ യോഗത്തിൽ പറഞ്ഞു. ഇതിനായി തിങ്കളാഴ്ച വീണ്ടും സംസ്ഥാന കമ്മിറ്റി ചേരും.
അതേസമയം, പി.കെ. ശശി നയിക്കുന്ന പാർട്ടിയുടെ ഷൊർണൂർ മണ്ഡലം ജാഥ നാളെ അവസാനിക്കുന്നതിനാൽ അതിന് ശേഷം അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാൽ മതിയെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് മാറ്റിവച്ചതെന്നാണ് അറിയുന്നത്.
ശശിക്കെതിരായ പരാതിയും ശശി ഉയർത്തിയ ഗൂഢാലോചനാ ആരോപണവും അന്വേഷിച്ച എ.കെ. ബാലനും പി.കെ. ശ്രീമതിയും ഉൾപ്പെട്ട പാർട്ടി കമ്മിഷന്റെ റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചതായി സൂചനയുണ്ട്. സെക്രട്ടേറിയറ്റിലെ ധാരണപ്രകാരമാണ് തീരുമാനം തിങ്കളാഴ്ചത്തേക്ക് മാറ്റിയതും. ഇരു ഭാഗത്തെയും തൃപ്തിപ്പെടുത്തുന്ന ചില നടപടികൾക്കാണ് സാദ്ധ്യത. പാർട്ടി തലത്തിൽ ശശിയെ തരംതാഴ്ത്തുമെന്നാണ് അഭ്യൂഹം.